'അമ്മ'യിൽ തെരഞ്ഞെടുപ്പ്: ജഗദീഷ് മത്സരിച്ചേക്കും, അന്തിമ സ്ഥാനാർഥി പട്ടിക നാളെ

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. നാളെ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തു വരും. ആഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്‍റ് സ്ഥാനത്ത് തുടരില്ലെന്ന് മോഹൻലാൽ അറിയിച്ചിരുന്നു.

ജഗദീഷ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും താരങ്ങളിൽ നിന്ന് പിന്തുണ തേടിയിട്ടുണ്ടെന്നുമാണ് വിവരം. ശ്വേത മേനോനും രവീന്ദ്രനും മത്സരിക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ്​ ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായി സ്ഥാനം ഒഴിഞ്ഞ​തോടെ ജോയന്‍റ്​ സെക്രട്ടറി ബാബുരാജാണ്​ ചുമതല വഹിച്ചിരുന്നത്​. ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്ന കാര്യം ജനൽ ബോഡി ചർച്ച ചെയ്തിരുന്നു.

ഭാരവാഹിയായി തുടരാൻ താൽപര്യമില്ലെന്ന്​ ട്രഷറർ ഉണ്ണി മുകുന്ദൻ ആവർത്തിച്ച്​ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ സ്ഥാനത്തേക്ക്​ പുതിയ ആളെ തെരഞ്ഞെടുക്കേണ്ടതുണ്ട്. പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ തെരഞ്ഞെടുപ്പ്​ നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ്​​ മോഹൻലാലിന്‍റെ നിലപാട്​. പ്രസിഡന്‍റായി മോഹൻലാൽ തുടരണമെന്ന്​ മേയ്​ 31ന്​ നടന്ന അഡ്​ഹോക്​ കമ്മിറ്റിയുടെ അവസാന യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്​ പിന്നാലെ ചില താരങ്ങൾക്കെതിരെ നടിമാർ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്നാണ്​ മോഹൻലാൽ പ്രസിഡന്‍റായ ഭരണസമിതി കൂട്ടരാജി സമർപ്പിച്ചത്​. വിഷയത്തിൽ സംഘടനയിൽ ഭിന്നത ഉടലെടുക്കുകയും ആരോപണവിധേയരായ താരങ്ങളോട്​ വിശദീകരണം ചോദിക്കണമെന്ന്​ ഒരുവിഭാഗം വനിത അംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്തതാണ്​ രാജിയിലേക്ക്​ നയിച്ചത്​. നിയമോപദേശം അടക്കം കാര്യങ്ങൾ പരിഗണിച്ചാണ്​​ രാജി എന്നായിരുന്നു അന്ന്​​ മോഹൻലാലിന്‍റെ വിശദീകരണം.

Tags:    
News Summary - Elections in AMMA Jagadish may contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.