മലയാളത്തിലെ മിസ്റ്ററി ത്രില്ലർ 'എക്കോ' തിയറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമാണ്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം നവംബർ 21നാണ് തിയറ്ററുകളിൽ എത്തിയത്. ആഴ്ചകൾക്കുള്ളിൽ തന്നെ എക്കോ അതിന്റെ പ്രത്യേകതകൾകൊണ്ട് പ്രേക്ഷകരെ ആകർഷിച്ചു. ഇപ്പോഴിതാ, ചിത്രം ഒ.ടി.ടിയിൽ എത്താൻ ഒരുങ്ങുകയാണ്.
തിയറ്ററുകളിലെ ജനപ്രീതി കാരണം ചിത്രത്തിന്റെ ഡിജിറ്റൽ റിലീസിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് നേരത്തെ തന്നെ തുടക്കമായിരുന്നു. ഡിസംബർ മധ്യത്തിൽ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, നെറ്റ്ഫ്ലിക്സിലാണ് എക്കോ സ്ട്രീം ചെയ്യുന്നത്. എന്നാൽ, സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ നിന്നോ സിനിമയുടെ ടീമിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ഏകദേശം അഞ്ച് കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം 40 കോടിയിലധികം രൂപ നേടി വൻ വാണിജ്യ വിജയമായെന്നാണ് റിപ്പോർട്ട്. ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ച്‌ദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കിഷ്കിന്ധാ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ എക്കോയിൽ അത് നായകൾക്കാണ്.
ആരാധ്യ സ്റ്റുഡിയോസിന്‍റെ ബാനറിൽ എം.ആർ.കെ ജയറാമിന്‍റെ ആദ്യ നിർമാണ സംരംഭമാണിത്. സംഗീതം- മുജീബ് മജീദ്. എഡിറ്റർ- സൂരജ് ഇ എസ്. കലാസംവിധായകൻ- സജീഷ് താമരശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്. ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ് എന്നിവരാണ്. പ്രശസ്ത നിർമാണ കമ്പനിയായ ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് എക്കോ തമിഴ്‌നാട്ടിൽ റിലീസ് ചെയ്തത്. കർണാടകയിൽ, പ്രശസ്ത നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസാണ് എക്കോ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.