റൊമാൻസ്, ആക്ഷൻ, കോമഡി, ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ... 'ഡ്രാഗന്' ശേഷമെത്തുന്ന പ്രദീപ് രംഗനാഥൻ ചിത്രം 'ഡ്യൂഡ്' ട്രെയിലർ പുറത്തിറങ്ങി. യുവ താരങ്ങളിൽ ശ്രദ്ധേയായ മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്തുന്നത്. മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡ്യൂഡ്'. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്.
സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന പ്രദീപ് രംഗനാഥൻ മാജിക് 'ഡ്യൂഡി'ലും പ്രതീക്ഷിക്കാമെന്നാണ് ട്രെയിലർ കണ്ടവരുടെ കമന്‍റുകള്‍. ഇ4 എൻ്റർടെയ്ൻമെൻ്റ്സാണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിലേതായി ആദ്യമെത്തിയ 'ഊരും ബ്ലഡ്' യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. 'നല്ലാരു പോ' 41 ലക്ഷവും 'സിങ്കാരി' 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച 'കോമാലി'യും 'ലൗവ് ടുഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.
കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിങ് ഭരത് വിക്രമനുമാണ്. പി.ആർ.ഒ- ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.