50 കോടിയിലേക്ക്! പ്രദീപ് രംഗനാഥന്‍റെ ഏറ്റവും വലിയ പണം വാരിപ്പടമാകാൻ 'ഡ്യൂഡ്'

പ്രദീപ് രംഗനാഥൻ - മമിത ബൈജു കൂട്ടുകെട്ടിൽ ദീപാവലി റിലീസായി എത്തിയ 'ഡ്യൂഡ്' ആഗോള കലക്ഷൻ 50 കോടിയിലേക്ക്. 17ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ട് ദിനം കൊണ്ട് 45 കോടി വേൾഡ് വൈഡ് കലക്ഷൻ നേടിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായിരിക്കുകയാണ് 'ഡ്യൂഡ്'. വടക്കേ അമേരിക്കയിലെ ഗ്രോസ് $500K കടന്ന് സൂപ്പർ ഹിറ്റായി കുതിപ്പ് തുടരുകയാണ് ചിത്രം. ആദ്യ ദിനം വേൾഡ് വൈഡ് കലക്ഷൻ 22 കോടിയാണ് ചിത്രം നേടിയത്. തിയറ്ററുകൾതോറും പ്രായഭേദമന്യേ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ടോട്ടൽ പാക്കേജ് ആയി തിയറ്ററുകളിലെത്തിയിരിക്കുകയാണ് 'ഡ്യൂഡ്'. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്.

മുൻ പ്രദീപ് രംഗനാഥൻ സിനിമകള്‍ പോലെ തന്നെ യുവത്വത്തിന് ആഘോഷിക്കാനുള്ളതെല്ലാം ചേർത്തുവെച്ചിട്ടുണ്ട് ഡ്യൂഡിലും. അതോടൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീർത്തീശ്വരൻ. പക്കാ ഫൺ ഫാമിലി എന്‍റർടെയ്നർ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.

നായകനായെത്തിയ ലവ് ടുഡേയും ഡ്രാഗണും പോലെ ഇത്തവണയും തകർപ്പൻ പ്രകടനമാണ് ഡ്യൂഡിലും പ്രദീപ് രംഗനാഥൻ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് തിയറ്ററുകള്‍തോറുമുള്ള പ്രതികരണങ്ങള്‍. അതോടൊപ്പം തന്നെ മമിതയുടെ പ്രകടനവും ഏറെ മികവുറ്റതാണെന്നും ഏവരും ഒരേസ്വരത്തിൽ പറയുന്നു. പ്രദീപിന്‍റെ ഹാട്രിക് ഹിറ്റാണ് ഡ്യൂഡ് എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. റൊമാൻസും ഇമോഷണൽ സീനുകളും കോമഡിയുമൊക്കെ രണ്ടുപേരും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.

ശരത്കുമാർ അവതരിപ്പിച്ച കഥാപാത്രത്തിനും തിയറ്ററുകളിൽ മികച്ച കൈയടിയാണ് ലഭിക്കുന്നത്. കീർത്തീശ്വരൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിന് മികവുറ്റൊരു ഫിലിം മേക്കറെ കൂടി സമ്മാനിച്ചിരിക്കുകയാണെന്നാണ് സിനിമയുടെ ആദ്യ ഷോ കഴിയുമ്പോള്‍ സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ വന്നിരിക്കുന്ന അഭിപ്രായങ്ങള്‍. എന്താണ് ഫ്രണ്ട്ഷിപ്പ്, എന്താണ് ലവ്, എന്താണ് റിയൽ ലവ്, എന്താണ് റിലേഷൻഷിപ്പ് എന്നൊക്കെ കിടുവായി ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. അതോടൊപ്പം തന്നെ മതവും ജാതിയും കുടുംബമഹിമയും നിറവും പണവുമൊക്കെ നോക്കിയുള്ള വിവാഹ ബന്ധങ്ങളേയും ചിത്രം രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. എല്ലാം കൊണ്ടും കുടുംബവുമൊന്നിച്ച് ഹാപ്പിയായിരുന്ന് കാണാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്നാണ് തിയേറ്റർ ടോക്ക്.

സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിങ് ഭരത് വിക്രമനാണ് നിർവഹിച്ചിരിക്കുന്നത്. 

Tags:    
News Summary - Dude reaches 50 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.