തമിഴ് താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും മകൾ ദിയ സൂര്യ സിനിമയിലേക്ക്. പക്ഷെ മാതാപിതാക്കളെപോലെ കാമറക്ക് മുന്നിലല്ല ദിയ തന്‍റെ സിനിമ അരങ്ങേറ്റം കുറിക്കുന്നത്. സൂര്യയുടെ 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമിച്ച 'ലീഡിങ് ലൈറ്റ്' എന്ന ഡോക്യു-ഡ്രാമ ഷോർട്ട് ഫിലിമിലൂടെ സംവിധായികയായാണ് ദിയയുടെ അരങ്ങേറ്റം.
ബോളിവുഡിലെ വനിത ഗാഫർമാരുടെ ജീവിതമാണ് ദിയയുടെ ചിത്രത്തിന് ആധാരം. ലൈറ്റിങ് ഉപകരണങ്ങൾ ഉപയോഗിച്ച് സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ജീവിതങ്ങളെ ചിത്രം എടുത്തുകാണിക്കുന്നു. പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥകൾക്ക് സ്‌ക്രീനിൽ പ്രാതിനിധ്യം നൽകുകയാണ് ലീഡിങ് ലൈറ്റിലൂടെ ദിയ.
ചിത്രം ലോസ് ഏഞ്ചൽസിലെ റീജൻസി തിയറ്ററിൽ ഓസ്കർ യോഗ്യതക്കായി പ്രദർശിപ്പിച്ചുവരികയാണ്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ രണ്ട് വരെയാണ് ചിത്രത്തിന്റെ പ്രദർശനമുള്ളത്. ചിത്രം പുതിയ കാഴ്ചപ്പാടും ശക്തമായ കഥപറച്ചിലുകളും കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്.
ചിത്രത്തിന്‍റെ നിർമാതാക്കൾ കൂടിയായ സൂര്യയും ജ്യോതികയും ദിയയുടെ ചിത്രത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. '2ഡി എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ, ബോളിവുഡിലെ വനിത ഗാഫർമാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന, ദിയ സൂര്യ സംവിധാനം ചെയ്ത 'ലീഡിങ് ലൈറ്റ്' എന്ന ഡോക്യു-ഡ്രാമയെ പിന്തുണക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു' -എന്ന് അരങ്ങേറ്റം പ്രഖ്യാപിച്ചുകൊണ്ട് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.