പ്രണവിന്‍റെ പ്രൊഫൈൽ പിക്ചർ, ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും, മോഹൻ ലാലിന്‍റെ പ്രൊഫൈൽ പിക്ചർ

പ്രണവ് മോഹൻലാലിന്‍റെ ഹൊറർ ത്രില്ലർ ഡീയസ് ഈറെ റിലീസ് ട്രെയ്‍ലർ പുറത്ത്; ചിത്രത്തിൽ മോഹൻലാൽ എത്തുന്നതിന്‍റെ സൂചനയും?

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൊറർ ത്രില്ലറാണ് ഡീയസ് ഈറെ. ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്‍റെ റിലീസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്‍റെ ആദ്യ ട്രെയിലർ നേരത്തെ പുറത്തുവന്നിരുന്നു. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണവ് മോഹൻ ലാലിന്‍റെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും ഡീയസ് ഈറെക്കുണ്ട്.

എന്നാൽ ഇപ്പോഴത്തെ ചർച്ച വിഷയം ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ടോ എന്നതാണ്. ഇതിന് കാരണം മോഹൻലാലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ഫോട്ടോയാണ്. ഡീയസ് ഈറെ സിനിമയുടെ കളർ ടോണിലാണ് മോഹൻലാൽ തന്റെ പ്രൊഫൈൽ പിക് മാറ്റിയിരിക്കുന്നത്. പ്രണവ് മോഹൻലാലും ഇതേ തീമിലാണ് പ്രൊഫൈൽ പിക്ചർ വെച്ചിരിക്കുന്നത്. കറുപ്പും ചുവപ്പും കൂടിയ ഒരു മിസ്റ്ററി ഹൊറർ ടോണാണ് ചിത്രത്തിനുള്ളത്.

യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഹൊറർ ചിത്രമാണിതെന്ന് ട്രെയിലറിന്റെ തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്. മികച്ച ദൃശ്യവിസ്മയത്തോടെ പുറത്തിറങ്ങാൻപോകുന്ന മികച്ച ഒരു ഹൊറർ അനുഭവമാകും സിനിമ എന്ന പ്രതീ‍ക്ഷയാണ് ട്രെയിലർ നൽകുന്നത്. ഡീയസ് ഈറെ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. ഉഗ്ര കോപത്തിന്റെ ദിനം എന്നാണ് വാക്കിന് അർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഈറെയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഈറെ.

കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്. ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡീയസ് ഈറെയിൽ പ്രതിപാദിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സ്: എം ആര്‍ രാജാകൃഷ്ണന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിങ്സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, ഡിഐ - രംഗ്‌റെയ്സ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്.

Full View

Tags:    
News Summary - Dies Irae release trailer out now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.