അല്ലു അർജുന്‍റെ പുഷ്പ 2: ദ റൈസിന്‍റെ ഹിന്ദി പതിപ്പിന്‍റെ കലക്ഷനെ മറികടന്ന് ഹിന്ദിയിലെ എക്കാലത്തെയും മികച്ച കലക്ഷൻ നേടിയ ചിത്രമായി ധുരന്ദർ. നിർമാതാക്കളുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രൺവീർ സിങ് നായകനായ ചിത്രം ആഭ്യന്തരമായി 831 കോടി രൂപ നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഹൗസായ ജിയോ സ്റ്റുഡിയോസ്, ‘ഇന്ത്യയിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഹിന്ദി ചിത്രമായി’ ധുരന്ദറിനെ പ്രഖ്യാപിക്കുന്ന പോസ്റ്റർ പങ്കിട്ടിട്ടുണ്ട്.
2024-ൽ പുറത്തിറങ്ങിയ പാൻ-ഇന്ത്യൻ ചിത്രമായ പുഷ്പ 2വിന്‍റെ ഹിന്ദി ഡബ്ബ്ഡ് പതിപ്പ് 821 കോടി നേടിയിരുന്നു. അതിനെ മറികടന്നതോടെ, ഒരൊറ്റ ഭാഷയിൽ ഒരു ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും ഉയർന്ന കലക്ഷൻ എന്ന റെക്കോർഡും ധുരന്ദർ സ്വന്തമാക്കി. പുഷ്പ 2വിന്‍റെ ഹിന്ദിയിൽ 821 കോടിക്ക് പുറമേ, ഛാവ (601 കോടി), ഷാരൂഖ് ഖാന്‍റെ ജവാൻ (586 കോടി) നേടി. സ്ത്രീ 2, ഗദർ 2, പത്താൻ, ആനിമൽ, ബാഹുബലി 2 എന്നിവയാണ് ഹിന്ദിയിൽ 500 കോടിയിലധികം നേടിയ മറ്റ് ചിത്രങ്ങൾ.
'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ധുരന്ദർ'. രണ്‍വീര്‍ സിങ്ങാണ് നായകന്‍. 'ആൻമരിയ കലിപ്പിലാണ്' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സാറാ അർജുൻ ആണ് രൺവീറിന്റെ നായിക. പാകിസ്താനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഐ.എസ്.ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
ഇവർക്കുപുറമെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്ന് ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.