സാറ അർജുനും രൺവീർ സിങും
21 ദിവസം കൊണ്ട് നേടിയത് 1000 കോടി; 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായി 'ധുരന്ധർ'
ബോക്സ് ഓഫിസിൽ റെക്കോഡ് സൃഷ്ടിച്ച് ധുരന്ധർ. സിനിമ റിലീസായി മൂന്നാഴ്ച പിന്നിടുമ്പോൾ നേടിയത് 1000 കോടി കളക്ഷൻ. ഓരോ ദിവസം കഴിയുന്തോറും റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രം. വെറും 10 ദിവസം കൊണ്ട് 500 കോടി രൂപയുടെ കലക്ഷൻ മാർക്ക് മറികടന്ന ചിത്രം 21 ദിവസം കൊണ്ടാണ് 1000 കോടി പിന്നിട്ടത്. ആഗോളതലത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി. 2025ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതിയും ഈ രൺവീർ സിങ് ചിത്രം സ്വന്തമാക്കി.
ഇതോടെ ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ 1', വിക്കി കൗശലിന്റെ 'ഛാവ' എന്നീ ചിത്രങ്ങളെ മറികടന്ന് 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായി ധുരന്ധർ മാറി. ഇന്ത്യയിൽ നിന്ന് മാത്രം 668.80 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ആഗോള വിപണിയിൽ ചിത്രത്തിന്റെ ആകെ വരുമാനം 1,006.7 കോടി രൂപയിലെത്തിയതായി അണിയറപ്രവർത്തകർ അറിയിച്ചു.
ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിന്റെ ആകെ ദൈർഘ്യം 214 മിനിറ്റാണ്. അതായത് മൂന്ന് മണിക്കൂർ 34 മിനിറ്റ്. ധുരന്ധറിലെ ചില രംഗങ്ങളും പേരുകളും മാറ്റാനും ചില മുന്നറിയിപ്പുകൾ ചേർക്കാനും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. അക്രമം നിറഞ്ഞ രംഗങ്ങൾ കാരണം സിനിമയുടെ തുടക്കത്തിലെ ചില ദൃശ്യങ്ങൾ നീക്കം ചെയ്യുകയും പകരം കൂടുതൽ അനുയോജ്യമായ ഷോട്ടുകൾ ഉൾപ്പെടുത്തുകയും ചെയ്തു. സമാനമായ കാരണങ്ങളാൽ രണ്ടാം പകുതിയിലെ ചില ഷോട്ടുകളും നീക്കം ചെയ്തു. കൂടാതെ ഒരു മന്ത്രി കഥാപാത്രത്തിന്റെ പേര് മാറ്റി. അസഭ്യവാക്ക് മ്യൂട്ട് ചെയ്യുകയും, ലഹരിവസ്തുക്കളുടെ ഉപയോഗം കാണിക്കുന്ന രംഗങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
40കാരനായ രൺവീർ സിങ്ങും നായികയായ സാറ അർജുനും തമ്മിലുള്ള പ്രായവ്യത്യാസവും നേരത്തെ ചർച്ചയായിരുന്നു. 20 വയസ്സ് വ്യത്യാസമാണ് അവർക്കിടയിലുള്ളത്. അതിനെ ഒരുകൂട്ടം ആളുകൾ ചോദ്യം ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മേജർ മോഹിത് ശർമയുടെ മാതാപിതാക്കൾ ഡൽഹി ഹൈകോടതിയെ സമീപിച്ചതോടെ ഒരു ഘട്ടത്തിൽ 'ധുരന്ധറി'ന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. കശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച തങ്ങളുടെ മകന്റെ യഥാർഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥയെന്ന് അവർ വാദിച്ചു. എന്നാൽ, ചിത്രം മേജർ മോഹിത് ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതല്ലെന്ന വിശദീകരണവുമായി സംവിധായകൻ ആദിത്യ ധർ രംഗത്തെത്തി.
അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്ന് ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ധുരന്ധർ' നിർമിച്ചത്. ഈ വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ 2026 മാർച്ച് 19ന് റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്ന ഒരു സീക്വലിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.