മാരി സെൽവരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബൈസൺ കാലമാടൻ. ധ്രുവ് വിക്രമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴ്നാട്ടിലെ, ജാതിയതയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ചിത്രീകരിച്ചതിന് ചിത്രം പ്രശംസ നേടുകയാണ്. എന്നാൽ ജാതിയെക്കുറിച്ച് സംസാരിക്കുന്നതിനാൽ തന്നെ ചിത്രത്തിനും സംവിധായകനും വിമർശനവും നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ, തമിഴ്നാട്ടിൽ ജാതി പ്രമേയമാകുന്ന സിനിമകൾ നിർമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ധ്രുവ് വിക്രം.
മാരി സെൽവരാജ് ഇത്തരം സിനിമകൾ നിർമിക്കുന്നത് അദ്ദേഹത്തിന്‍റെ അനുഭവത്തിൽ നിന്നാണെന്ന് ധ്രുവ് പറഞ്ഞു. 'ഓരോ സംവിധായകനും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് കല നിർമിക്കാൻ അവകാശമുണ്ട്. ഇത്തരമൊരു സാമൂഹിക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്ന ഇന്ത്യ പോലൊരിടത്ത്, പ്രധാനമായും തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽ ഇത് അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. സംസ്ഥാനത്ത് ഇപ്പോഴും സംഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശേണ്ടത് പ്രധാനമാണ്. ആളുകളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു നല്ല മാധ്യമമാണ് സിനിമ' -ധ്രുവ് പറഞ്ഞു. സംസ്ഥാനത്ത് ജാതീയതയെക്കുറിച്ചുള്ള സിനിമകൾ നിർമിക്കുന്നത് തുടരുന്നതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
ജീവിതത്തിലുടനീളം തന്നെ പിന്തുടരുന്ന പ്രേതമായി ജാതിയെ നിരന്തരം കണ്ടിട്ടുണ്ടെന്നാണ് മുമ്പ് മാരി സെൽവരാജ് പറഞ്ഞത്. 'ഈ വിഷയങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ സിനിമയിൽ ഞാൻ അവ തുടർന്നും പ്രദർശിപ്പിക്കും. ജാതിയെയും ജാതീയതയെയും കുറിച്ച് ആരോഗ്യകരമായ ചർച്ച നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. വളരെക്കാലത്തിനുശേഷം ഇത് സംഭവിക്കുന്നതിനാൽ, ആദ്യം ബുദ്ധിമുട്ടായിരിക്കാം. പക്ഷേ ഉടൻ തന്നെ സാധാരണമാകും. നീതി എവിടെയാണെന്നും ആരുടെ പക്ഷത്താണെന്നും മനസിലാക്കിക്കൊണ്ട് എല്ലാവരും തുറന്ന മനസ്സോടെ പ്രശ്നത്തെ നോക്കേണ്ടതുണ്ട്. ഞാൻ അനുഭവിച്ച വേദന യുവാക്കൾ അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല' -മാരി സെൽവരാജ് പറഞ്ഞു.
കബഡിയെ ആസ്പദമാക്കിയുള്ള ഒരു സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത് അദിതി ആനന്ദ് സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുപമ പരമേശ്വരൻ, ലാൽ, അമീർ, പശുപതി, രജിഷ വിജയൻ കലൈയരശൻ, ഹരി കൃഷ്ണൻ അൻബുദുരൈ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി എന്നിവരും ബൈസണിൽ അഭിനയിക്കുന്നുണ്ട്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.