ഷോലെയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരം ബച്ചനല്ല; കുറഞ്ഞ പ്രതിഫലം ജയ ബച്ചന്!

ഷോലെയുടെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ താരങ്ങൾക്ക് ലഭിച്ച പ്രതിഫലം എത്രയായിരുന്നെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ബോളിവുഡ് ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ചിത്രമാണ് ഷോലെ. 1975 ൽ പുറത്തിറങ്ങിയ രമേശ് സിപ്പി സംവിധാനം ചെയ്ത ഷോലെ, ഏറ്റവും ജനപ്രിയമായ ഇന്ത്യൻ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഷോലെയുടെ അൺകട്ട് പതിപ്പിന്‍റെ കൂടെ തിയറ്ററിലെ കട്ടിന്‍റെ ഭാഗമല്ലാതെ മുമ്പ് ഇല്ലാതാക്കിയ രംഗങ്ങളും ജൂൺ 27 ന് ഇറ്റലിയിലെ ബൊളോണയിലെ പിയാസ മാഗിയോറിലെ വലിയ ഓപ്പൺ എയർ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

ഇന്നും ആ സിനിമയും അതിലെ അഭിനേതാക്കളും ഐക്കണിക് ആയി തുടരുന്നു, പക്ഷേ ഇന്നത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ അഭിനേതാക്കൾക്ക് വളരെ കുറഞ്ഞ പ്രതിഫലം മാത്രമേ ലഭിച്ചുള്ളൂ. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് ധർമ്മേന്ദ്രയായിരുന്നു. 1.5 ലക്ഷം രൂപ. താക്കൂർ ബൽദേവ് സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജീവ് കുമാറിന് 1.25 ലക്ഷം രൂപ ലഭിച്ചു. അതേസമയം, അമിതാഭ് ബച്ചന് ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്. അംജദ് ഖാൻ അവതരിപ്പിച്ച ഗബ്ബർ സിങ്ങിന് 50,000 രൂപ ലഭിച്ചു. നായികമാരിൽ ഹേമ മാലിനി 75,000 രൂപ നേടി. അതേസമയം ജയ ബച്ചനാണ് ഏറ്റവും കുറവ് പ്രതിഫലം ലഭിച്ചത്. 35,000 രൂപ.

ബച്ചനെ ഈ വേഷത്തിനായി ശിപാർശ ചെയ്തത് ധർമേന്ദ്രയാണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നാണ് ധർമ്മേന്ദ്ര സിനിമയെ വിശേഷിപ്പിച്ചത്. സലിം-ജാവേദിന്റെ സംഭാഷണങ്ങളും രമേശ് സിപ്പിയുടെ സംവിധാനവും ആർക്കാണ് മറക്കാൻ കഴിയുക? സിനിമയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞത് സ്നേഹത്തിന്റെ ഒരു അനുഭവമാണെന്നും ധർമ്മേന്ദ്ര കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനെ കുറിച്ചുള്ള പത്രക്കുറിപ്പിലാണ് ധർമ്മേന്ദ്ര ഇതേ കുറിച്ച് സംസാരിച്ചത്.

ഷോലെയാണ് തിയറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമ. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ചിത്രം തകര്‍ത്തിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 15 കോടിയിലധികമാണ് ഷോലെ നേടിയത്. ആഗോളതലത്തിലും ചിത്രം ഹിറ്റായിരുന്നു. പ്രത്യേകിച്ച് സോവിയറ്റ് യൂണിയനില്‍ ആറ് കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    
News Summary - Dharmendra was the highest paid actor for 'Sholay'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.