ധനുഷ് കുടുംബത്തോടൊപ്പം

'അച്ഛാ, ദയവായി എന്നെ ഒറ്റക്ക് വിടൂ, എനിക്ക് ഒരു ഷെഫ് ആകണം' ധനുഷിന്‍റെ സിനിമയിലേക്കുള്ള വരവിനുപിന്നിലെ കഥ പങ്കുവെച്ച് പിതാവ്

തമിഴിലെപോലെതന്നെ മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് ധനുഷ്. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ഇഡ്‌ലി കടൈക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കാന്താരയോടൊപ്പം മത്സരിച്ച ചിത്രത്തിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഉണ്ടായത്. ധനുഷിന്‍റെ തന്നെ സംവിധാനത്തിൽ താരം തന്നെ പ്രധാന കഥാപാത്രമായി എത്തിയ സിനിമയാണ് ഇഡ്‌ലി കടൈ. ധനുഷിന്റെ പിതാവും ചലച്ചിത്ര നിർമാതാവുമായ കസ്തൂരി രാജ അടുത്തിടെ ചിത്രത്തിന്റെ കഥയുടെ ഉത്ഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ ധനുഷിന്റെ ആദ്യ ചിത്രമായ തുള്ളുവതോ ഇളമൈ അദ്ദേഹത്തിന് ഒരു മികച്ച അനുഭവമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനുഷ് കോളജിൽ രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് തന്നോട് പഠനം ഉപേക്ഷിക്കാനും സിനിമയുടെ ഭാഗമാകാനും ആഗ്രഹിക്കുന്നതായി പറയുന്നതെന്ന് കസ്തൂരി രാജ ഓർമിച്ചു. എന്നാൽ അങ്ങനെ ചെയ്യുന്നതിൽ നിന്ന് പിതാവ് നിരുത്സാഹപ്പെടുത്തുകയും ബിരുദം പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് ധനുഷ് ബിരുദം പൂർത്തിയാക്കി. ശേഷം ഒരു നടനെന്ന നിലയിൽ ധനുഷിന്റെ ആദ്യ അനുഭവം അദ്ദേഹം പങ്കുവെച്ചു. അത് വെറും 19 വയസ്സുള്ള ഒരു യുവ നടനെന്ന നിലയിൽ അദ്ദേഹത്തെ നിരാശപ്പെടുത്തുന്നതായിരുന്നു.

'തുള്ളുവതോ ഇളമൈയിൽ നായകനാകാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ, 'അച്ഛാ, ദയവായി എന്നെ ഒറ്റക്ക് വിടൂ. എനിക്ക് ഒരു ഷെഫ് ആകണം' എന്നാണ് ധനുഷ് പറഞ്ഞത്. ആ സമയത്ത് അദ്ദേഹത്തിന് സിനിമയിൽ താൽപ്പര്യമില്ലായിരുന്നു. പക്ഷേ ഞാൻ അവനെ നായകനായി അഭിനയിക്കാൻ നിർബന്ധിച്ചു. കരഞ്ഞുകൊണ്ട് എന്നെ വെറുതെവിടാൻ അവൻ യാചിക്കുമായിരുന്നു. പരീക്ഷകൾ പൂർത്തിയാക്കി ധനുഷ് സ്കൂളിൽ നിന്ന് മടങ്ങിവരുന്നതുവരെ ഞങ്ങൾ ലൈറ്റിങ്ങും സജ്ജീകരണങ്ങളുമായി സെറ്റിൽ കാത്തിരിക്കാറുണ്ടായിരുന്നു' -ബിഹൈൻഡ്‌വുഡ്‌ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ കസ്തൂരി രാജ പറഞ്ഞു.

ധനുഷിന്‍റെ സഹോദരനായ സെൽവരാഘവൻ ചിത്രം ഏറ്റെടുത്തതിനുശേഷം ധനുഷ് വളരെ സങ്കടത്തിലായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. ഒരു ഘട്ടത്തിൽ ധനുഷ് അമ്മയുടെ മടിയിൽ കിടന്ന് കരയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'സെൽവ വളരെ കർക്കശക്കാരനായ ഒരു ചലച്ചിത്രകാരനായിരുന്നു. സെറ്റിൽ ആരാണുള്ളതെന്ന് അദ്ദേഹം ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. എല്ലാവർക്കും സെൽവയിൽ നിന്നും വഴക്ക് കിട്ടുമായിരുന്നു. 'ചേട്ടൻ (സെൽവരാഘവൻ) തെറ്റുകൾ വരുത്തുന്നു. അതിന് അവൻ എന്നോട് ദേഷ്യപ്പെടുകയും ആക്രോശിക്കുകയും ചെയ്യുന്നു എന്നുപറഞ്ഞ് ധനുഷ് അമ്മയുടെ മടിയിൽ കിടന്ന് എനിക്ക് ഈ സിനിമ വേണ്ടെന്ന് പറഞ്ഞു കരഞ്ഞിരുന്നു. രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഞങ്ങൾ എങ്ങനെയെങ്കിലും അവനെ പറഞ്ഞു സമ്മതിപ്പിച്ച് ഒരുക്കുമായിരുന്നു' -അദ്ദേഹം ഓർമിച്ചു.

അതിന്‍റെ കൂടെ ഇഡ്‌ലി കടൈക്ക് പ്രചോദനമായ ധനുഷിന്റെ കുട്ടിക്കാലത്തെ ചില കഥകളും കസ്തൂരി രാജ പങ്കുവെച്ചു. 'ധനുഷിനും സെൽവരാഘവനും ചെറുപ്പം മുതൽ ശങ്കരപുരം ഹോളിവുഡ് പോലെയായിരുന്നു. അവർ അവരുടെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോകുമ്പോൾ ആ പ്രദേശത്ത് ഒരു ചെറിയ ഇഡ്‌ലി കട ഉണ്ടായിരുന്നു. അവർക്ക് ആ ഇഡ്‌ലികൾ വളരെ ഇഷ്ടമായിരുന്നു. ഇഡ്‌ലി കഴിക്കാൻ അവർ ആരോടും പണം ചോദിക്കില്ലായിരുന്നു. അവിടെ അയൽപക്കത്ത് കുട്ടികൾക്ക് പൂക്കൾ പറിച്ചുനൽകിയാൽ പണം ലഭിക്കുന്ന ഒരു സംവിധാനം ഉണ്ടായിരുന്നു. അവർ അങ്ങനെ സമ്പാദിച്ച പണംകൊണ്ടായിരുന്നു കടയിൽ നിന്ന് ഇഡ്‌ലി കഴിക്കുന്നത്. അതാണ് ഈ കഥയുടെ ഉത്ഭവം' -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Dhanush would cry in mothers lap when dad Kasthuri Raja pushed him to become an actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.