പ്രഭാസ്-നാഗ് അശ്വിൻ ചിത്രത്തിന് ഡാനി സാഞ്ചസ് ലോപ്പസിന്‍റെ കാമറ; മിക്കി ജെ. മെയറിന്‍റെ സംഗീതം
ഹൈദരാബാദ്: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമ. പ്രഭാസിന്‍റെ 21ാമത്തെ ചിത്രമായതിനാൽ നിലവില്‍ ഇതിന് പ്രഭാസ് 21 എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അമിതാഭ് ബചനും ദീപിക പദുക്കോണും സിനിമയിൽ അണിനിരക്കുന്നുണ്ട്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത് ദേശീയ പുരസ്കാരം സ്വന്തമാക്കിയ 'മഹാനടി' ടീം വീണ്ടും ഈ ചിത്രത്തിനായി ഒന്നിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. 'മഹാനടി'യുടെ ഛായാഗ്രാഹകൻ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകൻ മിക്കി ജെ. മെയർ എന്നിവരാണ് പുതിയ ചിത്രത്തിലും ഒന്നിക്കുന്നതെന്ന് നിർമാണ കമ്പനിയായ വൈജയന്തി ഫിലിംസ് അറിയിച്ചു.
സംവിധായകൻ ത്രിവിക്രം ശ്രീനിവാസിന്‍റെ എ ആ, സംവിധായകൻ ശേഖർ കമ്മുലയുടെ ഹാപ്പി ഡെയ്‌സ്, മഹേഷ് ബാബുവിന്‍റെ ബ്രഹ്മസ്ത്രം തുടങ്ങി നിരവധി തെന്നിന്ത്യൻ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മിക്കി. 'മഹാനടി'യിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച ഡാനി റാണ ദഗ്ഗുബതിയുടെ വിരാട പർവം, കീർത്തി സുരേഷിന്‍റെ മിസ്സ് ഇന്ത്യ തുടങ്ങി നിരവധി പ്രോജക്ടുകളിൽ പ്രവർത്തിച്ചിരുന്നു.
തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും. 'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സയന്‍സ് ഫിക്ഷന്‍ എന്‍റര്‍ടെയ്‌നറാണ്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.