കൊച്ചി: ‘ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ)’ എന്ന സിനിമയുടെ പേര് ചില മതവിഭാഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈകോടതി.
മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമ സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിലുള്ളത്. എന്നാൽ ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. രാജ്യത്തെ 80 ശതമാനം ആളുകൾക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ജസ്റ്റിസ് എൻ. നഗരേഷ് ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി നായകനായ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സിനിമയുടെ പേര് മൂന്ന് മാസംമുമ്പ് അംഗീകരിച്ചതാണെന്നും പ്രദർശനത്തോടനുബന്ധിച്ച് സമാന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സെൻസർ ബോർഡിന് സമർപ്പിച്ചപ്പോഴാണ് പേര് മാറ്റാൻ ആവശ്യപ്പെട്ടതെന്നും ഹരജിക്കാർക്ക് വേണ്ടി അഡ്വ. ഹാരിസ് ബീരാൻ എം.പി ചൂണ്ടിക്കാട്ടി.
‘ജാനകി ജാനേ’ എന്ന പേരിൽ 2023ൽ മലയാളത്തിൽ സിനിമ ഇറങ്ങിയപ്പോൾ പ്രശ്നമുണ്ടായിട്ടില്ല. സിനിമയുടെ റിലീസിങ് നീളുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെൻസർ ബോർഡ് തീരുമാനത്തിനെതിരേ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ആക്ടിലുണ്ടെങ്കിലും 2021ൽ ട്രൈബ്യൂണൽ പിരിച്ചുവിട്ടതിനാൽ കോടതിയാണ് ആശ്രയമെന്നും ഹരജിക്കാർ വാദിച്ചു. എന്നാൽ, മതവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഘടകങ്ങളുള്ളതിനാലാണ് റിവൈസിങ് കമ്മിറ്റി മാറ്റങ്ങൾ നിർദേശിച്ചതെന്ന് സെൻസർ ബോർഡിന് വേണ്ടി കേന്ദ്ര സർക്കാർ അഭിഭാഷക അറിയിച്ചു. അപ്പോഴാണ് ആരുടെ വികാരമാണ് സിനിമ വ്രണപ്പെടുത്തുന്നതെന്ന് കോടതി ചോദിച്ചത്.
സിനിമയുടെ പേര് മാറ്റണമെന്ന് പറയുന്നതെന്തിനാണ്. സെൻസർ ബോർഡ് പറയുന്നതുപോലെ വേണമോ സംവിധായകരും നടീനടൻമാരും ചെയ്യാൻ. കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യമാണ് സിനിമ. അതിൽ ഇടപെടണമെങ്കിൽ വിശ്വസനീയവും ന്യായവുമായ കാരണമുണ്ടാവണം. എന്താണ് ജാനകി എന്ന പേരിലും സിനിമയിലുമുള്ള തെറ്റെന്ന് ചോദിച്ച കോടതി, ആ കഥാപാത്രം ആരെയാണ് പ്രതിനിധീകരിക്കുന്നതെന്നും ചോദിച്ചു. മാനഭംഗത്തിനിരയായ കഥാപാത്രത്തിനാണ് ജാനകി എന്ന പേരുള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നീതിക്ക് വേണ്ടി പോരാടുന്ന അതിജീവിതയാണ് ജാനകിയെന്ന് ഹരജിക്കാരും വാദിച്ചു. ജാനകി ബലാത്സംഗം ചെയ്ത കഥാപാത്രമല്ലല്ലോയെന്നും പോരാടി ജയിച്ച നായികയല്ലേയെന്നും കോടതി ചോദിച്ചു.
സെൻസർ ബോർഡിന്റെ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ‘ജാനകി’ എന്ന പേര് ഒഴിവാക്കണമെന്നാവശ്യപ്പെടുന്നതിന്‍റെ ന്യായങ്ങളുണ്ടെങ്കിൽ ഹാജരാക്കാനും അനിശ്ചിതമായി ഹരജി നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും വ്യക്തമാക്കി. സിനിമ കണ്ട് തീരുമാനമെടുക്കാനുള്ള ആവശ്യമുണ്ടായെങ്കിലും കോടതി നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.