ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി 'സൂത്രവാക്യം' സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.
'കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറയുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്' - ശ്രീകാന്ത് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.
ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഷൈൻ ടോം ചാക്കോ ബുധനാഴ്ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ലഹരി റാക്കറ്റുമായുള്ള ബന്ധം സംശയിച്ച് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയത്. ഹോട്ടൽ മുറിയുടെ ജനാല വഴി ചാടിയ നടൻ രണ്ടാംനിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. ഷീറ്റ് തകർന്ന് താഴെ എത്തിയ ഷൈൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നത് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. 2015ലെ കൊക്കെയ്ൻ കേസിൽ നടനെ അടുത്തിടെയാണ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ആലപ്പുഴയിൽ യുവതിയെ ഹൈബ്രെിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.