അവർ മരിച്ചെന്ന് കരുതുന്നതെങ്ങനെ, ഇതാ ചിരിച്ചും ചിരിപ്പിച്ചും തിയറ്ററുകളിൽ പുനർജനിച്ചു; ഛോട്ടാ മുംബൈയിലെ മൺമറഞ്ഞ കലാകാരന്മാർ

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ 4K മികവോടെ വീണ്ടും തിയറ്ററിലെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒരു ചിത്രമാണ് 2007 ല്‍ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകരും. സിനിമ ഇറങ്ങുമ്പോൾ അതിലെ മൺമറഞ്ഞ കലാകാരന്മാരെയും ഓർക്കണം.

കലാഭവൻ മണി, രാജൻ പി. ദേവ്, ശരണ്യ, കൊച്ചുപ്രേമൻ, കൊച്ചിൻ ഹനീഫ, സന്തോഷ് ജോഗി, കലാഭവൻ ഹനീഫ് തുടങ്ങിയവരാണ് ഛോട്ടാ മുംബൈയിലെ കാലയവനികക്കുള്ളിൽ മറഞ്ഞ കലാകാരന്മാർ. വയലൻസിന്റെയോ ക്രൂരതയുടെയോ അതിപ്രസരമില്ലാതെ നോട്ടം കൊണ്ടും സംസാരരീതികൊണ്ടും കലാഭവൻ മണിയുടെ നടേശൻ ഭയപ്പെടുത്തി. 2016 മാർച്ച് 6 നായിരുന്നു കലാഭവൻ മണി നമ്മെ വിട്ടു പിരിഞ്ഞത്.

മുഴുവൻ സമയവും മദ്യലഹരിയിൽ നടന്ന് ഒപ്പം ചിരിപ്പിച്ച പാമ്പ് ചാക്കോച്ചനെ അത്ര പെട്ടെന്ന് പ്രേക്ഷകർ മറക്കാൻ ഇടയില്ല. ചിത്രത്തിൽ അഭിനയിക്കുമ്പോൾ രാജൻ.പി ദേവിന് കാഴ്ച നഷ്ടമായിരുന്നു. വെളുത്ത നിറം മാത്രമായിരുന്നു ആകെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നത്. ഡയലോഗ് പറയേണ്ടിടത്ത് വെള്ള തുണി വീശി കാണിക്കുമ്പോൾ ആ സ്ഥലത്തേക്ക് നോക്കി ഡയലോഗ് പറഞ്ഞാണ് അദ്ദേഹം പാമ്പ് ചാക്കോച്ചനായി അഭിനയിച്ചത്. 2009 ജൂലൈ 29നാണ് രാജൻ പി. ദേവ് അന്തരിച്ചത്.

ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയുടെ വേഷത്തിലെത്തിയ നടി ശരണ്യ 2021 ആഗസ്റ്റ് 9 നാണ് മരിച്ചത്. ഷെറിൻ എന്ന കഥാപാത്രത്തിന് സ്ക്രീൻ പ്രസൻസ് കുറവാണെങ്കിലും ഉള്ളത് ഭംഗിയായി ചെയ്തിട്ടുണ്ട്. ചിത്രത്തിലെ തലയുടെ വീടിനെ ജപ്തി ചെയ്യാൻ വരുന്ന ബാങ്ക് മാനേജർ പ്രേമചന്ദ്രനെ ആരും മറന്നുകാണില്ല. 2022 ഡിസംബർ 3 മൂന്നിന് ആണ് കൊച്ചുപ്രേമൻ നമ്മെ വിട്ടു പിരിഞ്ഞത്.

തലയെയും ഗ്യാങ്ങിനെയും പറ്റിച്ച് കടന്നു കളയുന്ന വാസൂട്ടൻ എന്ന കഥാപാത്രത്തെ കൊച്ചിൻ ഹനീഫ അവിസ്മരണീയമാക്കി. ചിത്രത്തിലെ നടേശന്റെ കൂട്ടാളിയായിട്ടാണ് സന്തോഷ് ജോഗി എത്തിയത്. അധികം സ്‌ക്രീൻ ടൈം ഇല്ലെങ്കിൽ ചിത്രം വീണ്ടുമെത്തുമ്പോൾ സന്തോഷിനെയും മലയാളികൾ ഓർക്കും. ചിത്രത്തിൽ തലയേയും ലതയെയും ഒന്നിപ്പിക്കുന്ന ബ്രോക്കറുടെ വേഷത്തിലായിരുന്നു കലാഭവൻ ഹനീഫ് എത്തിയത്. ചെറുതെങ്കിലും ഹനീഫിന്റെ കഥാപാത്രവും സിനിമയിൽ ശ്രദ്ധ നേടി. 2023 നവംബർ ഒൻപതിനായിരുന്നു കലാഭവൻ ഹനീഫ് അന്തരിച്ചത്.

Tags:    
News Summary - ‘Chotta Mumbai’ returns; a tribute to Kalabavan Mani, Rajan P Dev and more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.