കൊച്ചി: ‘ഹാൽ’ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സർക്കാറും ഫിലിം സർട്ടിഫിക്കേഷൻ ബോർഡും അപ്പീൽ ഹരജിയുമായി ഹൈകോടതിയിൽ. സിനിമയിലെ ചില രംഗങ്ങൾ നീക്കണമെന്ന ബോർഡിന്റെ നിർദേശം ഭാഗികമായി മാത്രം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി. ചില ഭാഗങ്ങൾ നീക്കം ചെയ്താൽ മാത്രമേ സിനിമക്ക് സർട്ടിഫിക്കറ്റ് അനുവദിക്കൂവെന്നും നൽകുന്നത് ‘എ’ സർട്ടിഫിക്കറ്റായിരിക്കുമെന്നുമുള്ള സെൻസർ ബോർഡ് തീരുമാനം റദ്ദാക്കി നവംബർ 14നാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്.
അതിനിടെ, സിംഗിൾബെഞ്ച് ഉത്തരവിനെതിരെ കാത്തലിക് കോൺഗ്രസ് സമർപ്പിച്ച അപ്പീലിൽ ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവർ കാക്കനാട് പടമുഗളിലെ സ്റ്റുഡിയോയിലെത്തി ബുധനാഴ്ച സിനിമ കണ്ടു.
ഷെയ്ൻ നിഗം നായകനായ സിനിമക്ക് സർട്ടിഫിക്കറ്റ് നൽകാൻ ഇരുപതോളം മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്.
ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കുക, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കുക, ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തുക തുടങ്ങിയ നിർദേശങ്ങളാണ് ബോർഡ് നൽകിയിരുന്നത്. മുസ്ലിം ആൺകുട്ടിയും ക്രിസ്ത്യൻ പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമ ലക്ഷ്മണരേഖ ലംഘിച്ചെന്നും പൊതുക്രമത്തിന് വിരുദ്ധമാണെന്നുമടക്കം മുമ്പ് ഉന്നയിച്ച വാദങ്ങളാണ് അപ്പീൽ ഹരജിയിലും ആവർത്തിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നതാണെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതടക്കം ചില കാര്യങ്ങളിൽ ഈ സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ടെന്ന് ഹരജിയിൽ പറയുന്നു. അപ്പീൽ തീർപ്പാക്കുംവരെ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.