ജിയോൻ ജങ്കുക്ക്

ഇന്ത്യൻ ബി.ടി.എസ് ആരാധകർക്ക് സന്തോഷവാർത്ത; ജിയോൻ ജംങ്കുക്ക് ഇന്ത്യയിലെത്തുന്നു...

പ്രശസ്ത കൊറിയൻ ബാന്‍റായ ബി.ടി.എസിന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാണുള്ളത്. ഏഴ് അംഗങ്ങളുള്ള സൗത്ത് കൊറിയൻ സംഗീത ബാന്‍റാണ് ബാൻഗ്ടൻ ബോയ്സ് എന്ന ബി.ടി.എസ്. സംഗീതത്തിലും നൃത്തത്തിലും ഒരേപോലെ പ്രഗത്ഭരായ ഇവർ യുവാക്കൾക്കിടയിൽ ഹരമാണ്. സമൂഹ മാധ്യമങ്ങളിൽ ഇവർ പ്രത്യക്ഷപെടുന്ന വീഡിയോകൾക്കും ഫോട്ടോകൽക്കും വമ്പൻ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാവാറ്.

ബി.ടി.എസിന് ഇന്ത്യയിലും കോടിക്കണക്കിന് ആരാദകരാണുള്ളത്. ബോളിവുഡിലെ പ്രശസ്ത താരങ്ങളുൾപ്പെടെ ഈ ലിസ്റ്റിൽ ഉണ്ട്. ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷമുള്ള വാർത്തയുമായാണ് ബോയ് ബാന്‍റ് എത്തിയിരിക്കുന്നത്. ബി.ടി.എസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ആരാധകരുടെ പ്രിയ ജെ.കെയുമായ ജിയോൻ ജംങ്കുക്ക് ഇന്ത്യയിലെത്തുന്നു.

വേൾഡ് ടൂറിന്‍റെ ഭാഗമായാണ് ജങ്കുക്കിന്‍റെ ഗോൾഡൻ മൊമന്‍റ്സ് പ്രദർശനം മുംബൈയിൽ എത്തുന്നത്. ഡിസംബർ 12 മുതൽ 2026 ജനുവരി 11 വരെ ബാന്ദ്ര വെസ്റ്റിലെ മെഹബൂബ് സ്റ്റുഡിയോസിലാണ് പ്രദർശനം. ബുക്ക് മൈ ഷോ വഴിയാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. 1499 രൂപ മുതലാണ് ടിക്കറ്റിന്റെ വില.

സാധാരണ കൊറിയൻ ബാലനിൽ നിന്നും പ്രശസ്ത ഗായകനിലേക്കുള്ള നാൾവഴികൾ, ഇതുവരെ പറയാത്ത കഥകൾ, ഒരിക്കലും കണ്ടിട്ടില്ലാത്ത ഫോട്ടോകൾ, ജങ്കുക്കിന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളുടെ വീഡിയോകൾ, സൗണ്ട് ട്രാക്കുകൾ തുടങ്ങിയവ പ്രദർശനത്തിന്റെ ഭാഗമാകും. 2023 നവംബറിൽ പുറത്തിറങ്ങിയ ജങ്കുക്കിന്‍റെ ആദ്യത്തെ സോളോ ആൽബമായ 'ഗോൾഡൻ'ന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായാണ് ഗോൾഡൻ മൊമന്‍റ്സ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

ഒരു മണിക്കൂറാണ് പ്രദർശനം. സൗത്ത് കൊറിയൻ എന്റർടെയ്ൻമെന്റ് കമ്പനിയായ ഹൈബിന്‍റെ ഔദ്യോഗിക പേജിലൂടെയാണ് വിവരം അനൗൺസ് ചെയ്തത്. പ്രദർശനത്തിന്റെ ഔദ്യോഗിക ടീസറും പുറത്തിറങ്ങി.

സൗത്ത് കൊറിയയിലും ന്യൂയോർക്കിലും പ്രദർശനം നടത്തിയിരുന്നു. ടിക്കറ്റ് എടുക്കുന്നവർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനായി ലിമിറ്റഡ് എഡിഷൻ ഫോട്ടോ ടിക്കറ്റും ഗോൾഡൻ ടിക്കറ്റും ലഭിക്കും. മിക്ക ദിവസങ്ങളിലെയും ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്.

Tags:    
News Summary - BTS Jungkook is coming to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.