മമ്മൂട്ടി നായകനായ ‘ഭ്രമയുഗം’ ഫെബ്രുവരി 12ന് ലോസാഞ്ചലസിലെ പ്രസിദ്ധമായ ഓസ്‌കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അക്കാദമി മ്യൂസിയത്തിന്റെ ‘വെയർ ദ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന 11 ചിത്രങ്ങളാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ഈ വിവരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ഭ്രമയുഗം. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഒത്തുചേര്‍ന്നുള്ള വിഡിയോ അക്കാദമി പങ്കുവെച്ചിട്ടുണ്ട്. അതിൽ ഭ്രമയുഗത്തിലെ വിവിധ രംഗങ്ങളുമുണ്ട്.
ഭൂതകാലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം 2024 ഫെബ്രുവരി 15നാണ് തിയറ്ററിൽ എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽ മികച്ച വിജയം നേടി. 60കോടിയാണ് ചിത്രം ആഗോളതലത്തിൽ നിന്ന് സമാഹരിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഭ്രമയുഗം മികച്ച അഭിപ്രായം നേടി. കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിദ്ധാർഥ് ഭരതനും അർജുൻ അശോകനുമായിരുന്നു മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം അർജുന്റെയും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി എത്തിയ സിദ്ധാർഥ് ഭരതന്റേയും പ്രകടനം കൈയടി നേടി. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിച്ച മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.