ശിവമോഗ: ബോക്സ് ഓഫിസിൽ വൻഹിറ്റായ കാന്താരക്ക് ശേഷം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം കാന്താര: ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. ഋഷഭിന് പുറമെ മുപ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മണി റിസർവോയറിലാണ് സംഭവം. ആളപായമില്ല. അതേസമയം ചിത്രീകരണത്തിനുപയോഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.
റിസർവോയറിന്‍റെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. അതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സംഘാംഗങ്ങളിലൊരാൾ പറഞ്ഞു. ബോട്ട് മറിഞ്ഞപ്പോൾ എല്ലാവരും പരിഭ്രാന്തരായി, എന്നാൽ വെള്ളത്തിന് ആഴം കുറവായിരുന്നതിനാൽ ഞങ്ങൾക്ക് സുരക്ഷിതമായി കരയിലെത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
2022-ൽ പുറത്തിറങ്ങിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ 1. ചിത്രീകരണം ആരംഭിച്ചതുമുതൽ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളിനടൻ കലാഭവൻ നിജു ഈ സിനിമയുടെ സെറ്റിൽവെച്ച് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.