'ഭരതനാട്യം 2: മോഹിനിയാട്ടം' ഹിന്ദുവിരുദ്ധമെന്ന് ആക്ഷേപം; ചിത്രത്തിനും നെറ്റ്ഫ്ലിക്സിനുമെതിരെ ബഹിഷ്കരണാഹ്വാനം

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിച്ച ചിത്രമായ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഒ.ടി.ടിയിൽ സ്ട്രീമിങ് തുടരുകയാണ്. തിയറ്ററുകളില്‍ വൻ ജനപ്രീതി നേടിയ ഈ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി രൂപയോളമാണ് സമാഹരിച്ചത്. ഒ.ടി.ടിയില്‍ എത്തിയപ്പോഴും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വലുതാണ്.

എന്നാൽ, ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ ഹാന്റിലുകൾ. മോഹിനിയാട്ടം ഹിന്ദുമതത്തെ അപമാനിക്കുന്ന ചിത്രമാണെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് ആവശ്യം. ഹിന്ദുവിരുദ്ധ ഉള്ളടക്കങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സും നിരോധിക്കണമെന്നും ഇത്തരം സിനിമകൾ നിർമിക്കുന്ന മലയാള ചലച്ചിത്രമേഖലയെ ബഹിഷ്കരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്യുന്നു.

‘ഞാൻ അടുത്തിടെ ‘മോഹിനിയാട്ടം (ഭരതനാട്യം 2)’ എന്ന മലയാള സിനിമ കണ്ടു’ എന്നു പറഞ്ഞാണ് എക്സിൽ പങ്കുവക്കപ്പെട്ട ഒരു കുറിപ്പ് തുടങ്ങുന്നത്. ഡാർക്ക് കോമഡി ത്രില്ലറായി എത്തിയ ചിത്രം യഥാര്‍ഥത്തില്‍ ഹിന്ദൂയിസത്തിനെതിരെയുള്ള വിലകുറഞ്ഞ ആക്രമണമാണെന്നും പോസ്റ്റില്‍ പറയുന്നു. ചിത്രത്തില്‍ ശ്രീരാമന് മോരും മിക്സ്ചറും നല്‍കുന്നതായി കാണിക്കുന്നതാണ് ഇതിന് ഉദാഹരണം. ഇത് ആക്ഷേപഹാസ്യമല്ല വിശ്വാസത്തെ മനഃപൂർവം അപമാനിക്കുന്നതാണ്. അമ്പലങ്ങളേയും പ്രസാദത്തേയും ഹിന്ദു ആചാരങ്ങളേയും മനുഷ്യർ സൃഷ്ടിച്ച ‘ബിസിനസുകൾ’ എന്ന് പരിഹസിക്കുന്നുവെന്നും സനാതന്‍ കന്നഡ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘മറ്റ് മതങ്ങളെ പുരോഗമനപരവും കുലീനരുമായി കാണിക്കുമ്പോൾ, ഹിന്ദു ക്ഷേത്രങ്ങളെയും, ബ്രാഹ്മണരെയും, ആചാരങ്ങളെയും, വിശ്വാസങ്ങളെയും നിരന്തരം പരിഹസിക്കുന്നത് എന്തുകൊണ്ടാണ്? മറ്റ് മതക്കാരുടെ വിശ്വാസങ്ങള്‍ക്കെതിരെ ഇത്തരം സിനിമകൾ നിർമിക്കാൻ ഈ സംവിധായകർ ധൈര്യപ്പെടുന്നില്ല. ഹിന്ദുക്കൾ ഇത് സഹിക്കുമെന്ന് അവർക്കറിയാവുന്നതുകൊണ്ടാണ് അവർ ഹിന്ദുമതത്തെ ആക്രമിക്കുന്നത്’ എന്നുമാണ് കുറിപ്പ്.

അതേസമയം, സിനിമയുടെ അണിയറ പ്രവർത്തകരോ നെറ്റ്ഫ്ലിക്സ് അധികൃതരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല. ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണവുമായി ഒ.ടി.ടിയിൽ മുന്നോട്ട് പോവുകയാണ്.

Tags:    
News Summary - 'Bharatanatyam 2: Mohiniyattam'; Call for boycott against the film and Netflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.