പത്താം വാർഷിക ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് ബാഹുബലി ടീം; തമന്നയും അനുഷ്കയും എവിടെയെന്ന് ആരാധകർ

ഭാഷാന്തരങ്ങള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ ചരിത്രം തീര്‍ത്ത സിനിമയായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍. 2015ലാണ് ബാഹുബലി: ദി ബിഗിനിങ് ഇറങ്ങിയത്. 2017 ൽ ബാഹുബലി: ദി കൺക്ലൂഷനും. രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടുമായി 2,460 കോടിയിലധികം രൂപയാണ് രണ്ട് സിനിമകളും നേടിയത്. ഇന്നിപ്പോഴിതാ ബാഹുബലി അതിന്‍റെ 10 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.

ബാഹുബലിയുടെ അണിയറപ്രവർത്തകരെല്ലാം ചേർന്ന് പത്താം വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജമൗലി, പ്രഭാസ്, റാണ ദഗുബാട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ തുടങ്ങി സിനിമയുടെ മുൻനിരയിലും പിൻനിരയിലും പ്രവർത്തിച്ച എല്ലാ ആളുകളും ആഘോഷത്തിൽ പങ്കെടുത്തു. എന്നാൽ സിനിമയിലെ പ്രധാന നായികമാരായ തമന്ന, അനുഷ്ക ഷെട്ടി എന്നിവർ ആഘോഷത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. രാജമൗലിയുടെ വസതിയിലായിരുന്നു ആഘോഷം.

ബാഹുബലി സംഗമത്തിന്റെ 10 വർഷങ്ങൾ... ഒരു സ്വപ്നമായി തുടങ്ങിയത് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി മാറി. ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ കഥ... ഒരു കുടുംബമായി ഞങ്ങളെ ഒന്നിപ്പിച്ച ഒരു യാത്ര... വിലമതിക്കുന്ന ഓർമ്മകൾ. ബാഹുബലിയുടെ 10 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ഈ കഥയിൽ വിശ്വസിച്ച് ഞങ്ങളോടൊപ്പം നിന്ന എല്ലാവരോടും വളരെയധികം നന്ദിയുണ്ട് എന്ന് ബാഹുബലി ടീം അറിയിച്ചു.

അതേസമയം 10ാം വാർഷികത്തിൽ റീ റിലീസിനൊരുങ്ങുകയാണ് ബാഹുബലി. 2025 ഒക്ടോബർ 31ന് സിനിമ തിയറ്ററുകളിലെത്തും. രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായി റിലീസ് ചെയ്യും. രാജമൗലിയുടെയും പ്രഭാസിന്‍റെയും മാഗ്നം ഓപസായ, ഇന്ത്യൻ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമായിരുന്നു ബാഹുബലി.

2013 ജൂലൈ ആറിനാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിന്‍റെ റിലീസിന് ശേഷം രണ്ട് വർഷങ്ങൾ കഴിഞ്ഞ് ബാഹുബലി: ദ കൺക്ലൂഷൻ എന്ന പേരിൽ ബാഹുബലിയുടെ രണ്ടാം ഭാഗവും തിയറ്ററിൽ ഹിറ്റായി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അതേ ഹൈപ്പ് റീ റിലീസിനും ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.

Tags:    
News Summary - Baahubali team shares 10th anniversary celebration pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.