തിയറ്ററുകളിൽ പ്രദർശനത്തിന് എത്തി ഒരു മാസത്തിന് ശേഷം 'അവിഹിതം' ഒ.ടി.ടിയിൽ എത്താനൊരുങ്ങുന്നു. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രം അടുത്ത ആഴ്ച മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്ന് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 14 മുതൽ ചിത്രം ഒ.ടി.ടിയിൽ ലഭ്യമാകും. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അവിഹിതം സ്ട്രീം ചെയ്യും. ചുരുക്കം ചില തിയറ്ററുകളിൽ മാത്രമായിരുന്നു ചിത്രം പ്രദർശിപ്പിച്ചിരുന്നത്. അതിനാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.
ചിത്രത്തിന്‍റെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ നിന്ന് സീത എന്ന പേര് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഉണ്ണിരാജ ചെറുവത്തൂർ, രഞ്ജിത്ത് കങ്കോൽ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് ചാക്യാർ, ധനേഷ് കോളിയാട്, രാകേഷ് ഉഷാർ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, ടി ഗോപിനാഥൻ, വൃന്ദ മേനോൻ, വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വളരെ ചർച്ചയായി മാറിയ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രം സംവിധാനം ചെയ്തതും സെന്ന ഹെഗ്ഡെയാണ്. അംബരീഷ് കളത്തറയും സെന്ന ഹെഗ്ഡെയും ചേർന്നാണ് അവിഹിതത്തിന്‍റെ തിരക്കഥ രചിച്ചത്. ചിത്രത്തിന്റെ എഡിറ്റിങ് സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിർവഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേർന്നാണ് കാമറ. മുകേഷ് ആർ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.