‘ബോളിവുഡ് ബ്രിട്ടനിലേക്ക് തിരിച്ചെത്തി’യെന്ന് കെയർ സ്റ്റാർമർ; ചലച്ചിത്ര കരാർ ഒപ്പുവെച്ചു

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ബുധനാഴ്ച മുംബൈയിലെ യാഷ് രാജ് ഫിലിംസ്(വൈ.ആർ.എഫ് )സ്റ്റുഡിയോ സന്ദർശിച്ചു. ബ്രിട്ടീഷ്, ഇന്ത്യൻ ചലച്ചിത്ര വ്യവസായങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും നിർമാണ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു ഈ സന്ദർശനം. വൈ.ആർ.എഫ് ചെയർമാൻ ആദിത്യ ചോപ്രയുടെ ഭാര്യയും ബോളിവുഡ് താരവുമായ റാണി മുഖർജിയും വൈ.ആർ.എഫ് സി.ഇ.ഒ അക്ഷയ് വിധാനിയും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

സ്റ്റുഡിയോ സന്ദർശനത്തിനിടെ അദ്ദേഹം റാണി മുഖർജിയുമായി സിനിമയെക്കുറിച്ചും കഥപറച്ചിലിനെക്കുറിച്ചും സംസാരിക്കുകയും സ്റ്റുഡിയോയിലെ ഒരു എഡിറ്റിങ് കൺസോളിൽ സമയം ചെലവഴിക്കുകയും ചെയ്തു. വൈ.ആർ.എഫിന്‍റെ സ്വകാര്യ ഓഡിറ്റോറിയത്തിൽ റാണി മുഖർജിക്കും സി.ഇ.ഒക്കുമൊപ്പം ചലച്ചിത്ര പ്രദർശനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.

2026ന്‍റെ തുടക്കത്തിൽ യു.കെയിൽ മൂന്ന് പ്രധാന നിർമാണങ്ങളുടെ ചിത്രീകരണം ആരംഭിക്കാനുള്ള പദ്ധതികൾ യാഷ് രാജ് ഫിലിംസ് പ്രഖ്യാപിച്ചു. വൈ.ആർ.എഫ് സ്റ്റുഡിയോസിന്‍റെ 20-ാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമർ ഐക്കണിക് സ്റ്റുഡിയോ സന്ദർശിച്ച വേളയിലാണ് കരാർ ഒപ്പുവച്ചത്. ‘ബോളിവുഡ് ബ്രിട്ടനിലേക്ക് തിരിച്ചെത്തി, അത് തൊഴിലവസരങ്ങൾ, നിക്ഷേപം, അവസരങ്ങൾ എന്നിവ കൊണ്ടുവരുന്നു, അതേസമയം ആഗോള ചലച്ചിത്ര നിർമാണത്തിനുള്ള ലോകോത്തര ലക്ഷ്യസ്ഥാനമായി യു.കെയെ പ്രദർശിപ്പിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞത്. ബ്രിട്ടനും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച വ്യാപാരക്കരാർ ഇത്തരം പങ്കാളിത്തങ്ങൾക്ക് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാർമറിന്‍റെ സന്ദർശനം യാഷ് രാജ് ഫിലിംസിന്‍റെ ചരിത്ര സിനിമയായ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' പുറത്തിറങ്ങിയതിന്‍റെ 30-ാം വാർഷികത്തിന് അടുത്താണ്. ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത് യു.കെയിൽ വെച്ചായിരുന്നു. സ്റ്റുഡിയോ സന്ദർശന വേളയിൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയിലെ ഐക്കോണിക് ഗാനമായ 'തുജേ ദേഖാ തോ യേ ജാനാ സനം' സ്റ്റാർമറിനായി കേൾപ്പിക്കുകയും ചെയ്തു. നിലവിൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയുടെ ഇംഗ്ലീഷ് മ്യൂസിക്കൽ നാടകരൂപമായ 'കം ഫോൾ ഇൻ ലവ്' യു.കെയിൽ പ്രദർശിപ്പിച്ചുവരുന്നുണ്ട്.

Tags:    
News Summary - announces Bollywood-Britain film deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.