പ്രീമിയർ ടിക്കറ്റിന് 1000; പ്രഭാസ് ചിത്രം ‘രാജാ സാബി'ന്‍റെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ആന്ധ്രാസർക്കാർ അനുമതി

ഹൈദരാബാദ്: പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ഹൊറർ-ഫാന്റസി ചിത്രം ‘ദി രാജാ സാബ്’ തിയറ്ററുകളിലെത്താനിരിക്കെ ചിത്രത്തിന്റെ ടീമിന് ആശ്വാസകരമായ വാർത്ത. ‘രാജാ സാബ്’യുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് ആന്ധ്രപ്രദേശ് സർക്കാർ അനുമതി നൽകി. ഈ ആഴ്ച മുതൽ സംസ്ഥാനത്തുടനീളം പെയ്ഡ് പ്രീമിയർ ഷോകൾക്കും സാധാരണ പ്രദർശനങ്ങൾക്കും വർധിച്ച നിരക്കുകൾ ഈടാക്കാനാണ് സർക്കാർ ഉത്തരവ്.

രാജാ സാബിന്‍റെ പെയ്ഡ് പ്രീമിയർ ഷോകൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. പ്രത്യേക പ്രദർശനങ്ങൾക്ക് ടിക്കറ്റ് നിരക്ക് പരമാവധി 1000 രൂപയാണ്. ജനുവരി ഒമ്പത് മുതൽ തുടങ്ങുന്ന സാധാരണ ഷോകളിലും ടിക്കറ്റ് നിരക്കിൽ വർധനയുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം സിംഗിൾ സ്‌ക്രീൻ തിയറ്ററുകളിൽ ടിക്കറ്റിന് 150 രൂപ വർധിപ്പിച്ച് ഒരു സീറ്റിന് 297 രൂപ ഈടാക്കും.

ആന്ധ്രപ്രദേശിലെ മൾട്ടിപ്ലക്സുകളിലും ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇവിടെ 200 രൂപയുടെ വർധനയോടെ ആദ്യ പത്ത് ദിവസത്തേക്ക് ടിക്കറ്റ് നിരക്ക് 377 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇതോടൊപ്പം, ഈ കാലയളവിൽ അഞ്ച് ഷോകൾ വരെ പ്രദർശിപ്പിക്കാനും ചിത്രത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

ഐതിഹ്യങ്ങളും മിത്തുകളും സമന്വയിപ്പിച്ച പാൻ-ഇന്ത്യൻ ഹൊറർ-ഫാന്റസി ത്രില്ലറായ ‘രാജാ സാബ്’ ജനുവരി ഒമ്പതിനാണ് തിയറ്ററുകളിലെത്തുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വ പ്രസാദ് നിർമിച്ച് മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ബോക്‌സ് ഓഫിസിൽ വൻ വിജയം നേടിയ ‘കൽക്കി 2898 എ.ഡി’ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ‘രാജാ സാബ്’ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സൂപ്പർ നാച്ചുറൽ ദൃശ്യവിരുന്നായിരിക്കും ചിത്രം ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകരിൽ നിന്നുള്ള സൂചന.

പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ഫാമിലി എന്‍റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്‍റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്.

വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിങ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Tags:    
News Summary - Andhra Pradesh government approves ticket price hike for Prabhas Movie Raja Saab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.