നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'അഖണ്ഡ 2'. 2021 ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്. അഖണ്ഡ 2 വിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. താണ്ഡവം എന്നാണ് വിഡിയോ പങ്കുവെച്ച് കൊണ്ട് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. ഒരു മാസ് മസാല ആക്ഷൻ ചിത്രമാകും ഇതെന്നാണ് രണ്ടാം ഭാഗം നൽകുന്ന സൂചന. എന്നാൽ ടീസറിന് പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ഈ ബാലയ്യ ചിത്രം.
ബാലയ്യയുടെ ആക്ഷൻ സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്സ്വാള്‍ ആണ് അഖണ്ഡ 2 വിൽ നായിക. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു. ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അവരെയെല്ലാം അതുപയോഗിച്ച് പൊക്കി എടുക്കുന്നതുമാണ് ട്രോൾ സീൻ.
വീണ്ടും അവിശ്വസനീയമായ ഫൈറ്റുകളുമായി ബാലയ്യ എത്തിയിരിക്കുകയാണെന്നാണ് കമന്റുകൾ. സൗത്ത് ഇന്ത്യൻ സിനിമയെന്നാല്‍ വെറും മസാല സിനിമകൾ ആണെന്ന പൊതുബോധ്യത്തെ പതുക്കെ മാറ്റിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇവിടെ ഒരാൾ അതിനെ നശിപ്പിക്കുന്നത് എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ടീസറിലെ ഈ സീനിനെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് തമാശ നിറഞ്ഞ കമന്റുകൾ ഉയരുന്നുണ്ട്. മഴ പെയ്യുമ്പോൾ ഞാൻ ഇങ്ങനെയാണ് ടെറസിൽ നിന്ന് തുണി എടുത്തുകൊണ്ട് വരുന്നത്, മിക്സിയിൽ അരക്കുന്നത് പോലെയാണ് ബാലയ്യ വില്ലന്മാരെ കൊല്ലുന്നത് എന്നിങ്ങനെയാണ് വരുന്ന കമന്റുകൾ.
അതേസമയം, ബാലയ്യയെ അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. ബാലയ്യ സിനിമകളിൽ നിന്ന് എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അദ്ദേഹത്തിനിഷ്ടമുള്ള തരത്തിൽ സിനിമകൾ എടുക്കട്ടെയെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.