'ഈ ബഹുമതി എന്റെ സിനിമ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരമാണ്'-അജിത് കുമാർ

കല, സിനിമ, കായികം, സാമൂഹ്യ സേവനം, ശാസ്ത്രം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖ വ്യക്തികളെയാണ് രാജ്യം പത്മ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. ഈ വർഷം, തെലുഗു നടൻ നന്ദമൂരി ബാലകൃഷ്ണ, തമിഴ് നടൻ അജിത് കുമാർ, ബോളിവുഡ് ഗായകൻ അരിജിത് സിങ്, സംവിധായകൻ ശേഖർ കപൂർ എന്നിവർ ഉൾപ്പെടെ 139 പേർക്ക് പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മ ശ്രീ പുരസ്കാരങ്ങൾ ലഭിച്ചു. മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോള്‍ താരം ഐ. എം വിജയന് പത്മശ്രീയും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പത്മ പുരസ്കാരം.

ഇന്ത്യൻ രാഷ്ട്രപതി സമ്മാനിക്കുന്ന ഈ അവാർഡുകൾ സാധാരണയായി എല്ലാ വർഷവും മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ രാഷ്ട്രപതി ഭവനിലാണ് വിതരണം ചെയ്യുന്നത്. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം തമിഴ് സൂപ്പർ താരം അജിത് കുമാർ ഏറ്റുവാങ്ങി. 'ഈ ബഹുമതി എന്റെ സിനിമാ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരമാണ്'പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം അജിത് കുമാർ പറഞ്ഞു.

തെലുഗു സിനിമയിലെ അതുല്യ സംഭാവനകൾക്കാണ് നന്ദമൂരി ബാലകൃഷ്ണക്ക് പത്മ ഭൂഷൺ ലഭിച്ചത്. പരമ്പരാഗത ആന്ധ്ര വേഷത്തിൽ എത്തിയാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായാണ് പത്മ ഭൂഷൺ ലഭിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയാണ് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം സ്വീകരിച്ചത്. ഏഴ് പത്മവിഭൂഷന്‍ പുരസ്‌കാരങ്ങളും 19 പത്മഭൂഷന്‍ 113 പത്മശ്രീ അവാര്‍ഡുകളും ആണ് ഇത്തവണ വിതരണം ചെയ്തത്. ഇതില്‍ 13 പേർക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം സമ്മാനിച്ചു. 139 പത്മാ അവാര്‍ഡുകളില്‍ പത്തുപേര്‍ വിദേശികള്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Ajith Kumar honoured with Padma Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.