പടക്കങ്ങളും ആർപ്പുവിളികളുമായി കേരളവും തമിഴ്‌നാടും; കാത്തിരിപ്പിന് വിരാമമിട്ട് 'ജനനായകൻ' ഇന്ന് തിയറ്ററുകളിലേക്ക്

നീണ്ട കാലത്തെ വിലക്കുകളും പ്രതിസന്ധികളും മറികടന്ന് വിജയ് നായകനാവുന്ന 'ജനനായകൻ' ഇന്ന് വെള്ളിത്തിരയിലേക്ക്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള താരത്തിൻ്റെ അവസാന ചിത്രമെന്ന വൈകാരികതയിൽ തിയറ്ററുകളിലേക്ക് ഇരച്ചെത്തിയ ആരാധകർ റിലീസ് വലിയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്. കൂറ്റൻ ബോർഡുകളും പാട്ടുമായി നിരവധി ആരാധകർ അതിരാവിലെ തന്നെ തിയറ്ററുകൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

കോഴിക്കോട് അപ്‌സര തിയറ്റർ, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അതിരാവിലെ തന്നെ ആരാധകർ തടിച്ചുകൂടി. കോഴിക്കോട് അപ്‌സര തിയറ്ററിന് ചുറ്റും തമിഴക വെട്രി കഴകം പതാകകളും തോരണങ്ങളും ഉയർന്നത് ശ്രദ്ധേയമായി. സിനിമാ ആരാധകർക്കൊപ്പം പാർട്ടി പ്രവർത്തകരും ആഘോഷങ്ങളിൽ പങ്കുചേർന്നു. തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിലും സമാനമായ ആവേശമാണ് കണ്ടത്. വിജയ്‌യുടെ ചിത്രങ്ങൾ പതിച്ച വാഹനങ്ങളുമായി എത്തിയ ആരാധകർ ചെണ്ടമേളം, പടക്കം പൊട്ടിക്കൽ തുടങ്ങിയ ആഘോഷങ്ങളോടെയാണ് താരത്തെ വരവേറ്റത്. കേരളത്തിൽ രാവിലെ ആറുമണിക്ക് ഫാൻസ് ഷോകൾ ആരംഭിച്ചപ്പോൾ തമിഴ്‌നാട്ടിൽ ഔദ്യോഗിക പ്രദർശനം രാവിലെ ഒൻപത് മണിക്കാണ്.

വിജയ്‌യുടെ അവസാന ചിത്രം എന്ന പ്രത്യേകതയുള്ളതുകൊണ്ട് റിലീസിന് മുൻപ് തന്നെ ചിത്രം വലിയ ആവേശമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം സെൻസർ ബോർഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്ക് ശേഷമാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് ഏഴ് മാസത്തോളം വൈകിയെങ്കിലും അത് പ്രേക്ഷകരുടെ ആവേശം കുറക്കുകയല്ല, മറിച്ച് പ്രതീക്ഷകൾ വർധിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ ഫലമായി രാജ്യത്തുടനീളം മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചത്.

രാജ്യത്തുടനീളവും വിദേശത്തുമായി 2500 തിയറ്ററുകളിലാണ് ചിത്രം ഒരേസമയം പ്രദർശനത്തിന് എത്തിയത്. ആദ്യദിനത്തിലെ ആവേശം കണക്കിലെടുക്കുമ്പോൾ ബോക്‌സ്‌ ഓഫിസിലും ജനനായകൻ മികച്ച തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഈ ആക്ഷൻ ചിത്രത്തിന്റെ ഓപ്പണിങ് വീക്കെൻഡിലെ അഡ്വാൻസ് ബുക്കിങ് കലക്ഷൻ 50 കോടി രൂപ കവിഞ്ഞതായി ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 30 കോടി രൂപയും ആദ്യ ദിനത്തിലെ ബുക്കിങ്ങിലൂടെയാണ് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമാണ് ഇതിൽ ഭൂരിഭാഗം ടിക്കറ്റ് വിൽപ്പനയും നടന്നിരിക്കുന്നത്. കൂടാതെ കർണാടകയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിജയ്‌യുടെ ബോക്സ് ഓഫീസ് സ്വാധീനം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ് ഈ കണക്കുകൾ.

ഔദ്യോഗിക റിലീസിന് മാസങ്ങൾക്ക് മുമ്പ് ചിത്രം എച്ച്.ഡി നിലവാരത്തിൽ ഓൺലൈനിൽ ലീക്കായിട്ടുപോലും ഇത്തരത്തിലുള്ള റെക്കോർഡ് പ്രീ-റിലീസ് കലക്ഷൻ നേടാൻ കഴിഞ്ഞു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (GOAT) ചിത്രത്തിന് ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കുമെന്ന് അറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നതായി നിർമാതാവ് കെ.വി.എൻ വ്യക്തമാക്കി. വിജയ്‌യോടൊപ്പം ജോലി ചെയ്തത് മികച്ചൊരു അനുഭവമായിരുന്നുവെന്നും ചിത്രീകരണം ഉടനീളം അദ്ദേഹത്തിന്റെ അർപ്പണബോധവും അച്ചടക്കവും പ്രശംസനീയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരെയ്ൻ, പ്രിയാമണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. റെക്കോർഡ് ഭേദിക്കുന്ന കളക്ഷനുകളിലേക്ക് ചിത്രം എത്തുമോ എന്നാണ് ഇപ്പോൾ സിനിമാലോകം ഉറ്റുനോക്കുന്നത്. വിജയ്‌യുടെ ജനപ്രീതിയും മികച്ച അഡ്വാൻസ് ബുക്കിങും ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ വിജയം സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Thalapathy Vijays Jana Nayagan Hits Theaters Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.