ഏകത കപൂറും പ്രിയദർശനും
അക്ഷയ് കുമാറിന്റെ ഈ വർഷത്തെ ആദ്യ ചിത്രമായ 'ഭൂത് ബംഗ്ല' ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. 2026-ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമകളിൽ ഒന്നായി ഇത് ഇടംപിടിച്ചു കഴിഞ്ഞു. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ നിർമാതാവ് ഏകത കപൂർ സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ചു. അക്ഷയ് കുമാറിന് ശേഷം, തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതിന് സംവിധായകൻ പ്രിയദർശന് വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് ഏകത നന്ദി പറഞ്ഞത്.
മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശൻ തന്റെ നൂറാമത്തെ ചിത്രമായ 'ഭൂത് ബംഗ്ല'യിലൂടെ ബോക്സ് ഓഫീസിനെ വിറപ്പിച്ചിരിക്കുകയാണ്. നിർമാതാവായ ഏകത കപൂറിന് ഈ ചിത്രം വലിയ ലാഭമാണ് നേടിക്കൊടുത്തത്. പ്രിയദർശന്റെ നൂറാമത്തെ ചിത്രത്തിനായി തങ്ങൾ കൈകോർക്കുന്നു എന്ന് കേട്ടപ്പോൾ ലോകം വലിയ പ്രതീക്ഷിച്ചയാണ് അർപ്പിച്ചതെന്ന് ഏകത പറഞ്ഞു. എന്നാൽ ആർക്കും അധികം അറിയാത്ത ഒരു കാര്യം തങ്ങൾക്കിടയിലുള്ള പരസ്പര ബഹുമാനമാണെന്നും, പ്രിയദർശനോടൊപ്പം ജോലി ചെയ്തത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമയുടെ ജോലികൾ തുടങ്ങുന്നതിന് മുൻപ് പ്രിയദർശൻ പറഞ്ഞ ഒരു കാര്യം ഏകത പ്രത്യേകം ഓർത്തെടുത്തു. 'തന്റെ നിർമാതാവിന് പണം ലഭിക്കില്ലെങ്കിൽ ആ സിനിമ ചെയ്യാൻ തനിക്ക് താല്പര്യമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നിർമാതാവിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഇത്തരം മൂല്യങ്ങൾ പ്രിയദർശനെപ്പോലെ തന്നെ അപൂർവ്വമാണെന്ന് ഏകത കുറിച്ചു. തന്റെ കമ്പനിയുടെ പണവും സിനിമയും സുരക്ഷിതമായ കൈകളിലാണെന്ന ഉറപ്പ് തുടക്കം മുതലേ തനിക്കുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം വളരെ മാന്യമായ രീതിയിലായിരുന്നുവെന്ന് ഏകത വ്യക്തമാക്കി. 'സിനിമയുടെ അവസാന ഘട്ടത്തിൽ ഒരു സംവിധായകനാണ് കപ്പലിനെ മുന്നോട്ട് നയിക്കേണ്ടത്, പ്രിയൻ സാർ അത് അതിമനോഹരമായി ചെയ്തു. എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് നൽകിയതിനും നിങ്ങളുടെ കാഴ്ചപ്പാടിനും അച്ചടക്കത്തിനും നന്ദി' എന്ന് പറഞ്ഞാണ് ഏകത തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.