'പരിശോധന നിർത്തൂ, ആ നിമിഷം കോവിഡ്​ ഇന്ത്യയിൽ കാണില്ല'- നടൻ വിവേകിനെ ഗുരുതരാവസ്​ഥയിലാക്കിയത്​ കോവിഡ്​ വാക്​സിനെന്ന്​ മൻസൂർ അലിഖാൻ; വിഡിയോ വൈറൽ

ചെന്നൈ: നടൻ വിവേകിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ആഘാതത്തിൽ നിന്ന്​ തെന്നിന്ത്യൻ സിനിമാലോകവും ആരാധകരും മോചിതരായിട്ടില്ല. ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചത്​. കോവിഡ്​ വാക്​സിൻ സ്വീകരിച്ചതിന്​ പിന്നാലെയാണ്​ വിവേകിന്​ ഹൃദയാഘാതമുണ്ടായത്​. തുടർന്ന്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചത്​ മൂലമാണ്​ അദ്ദേഹത്തിന്‍റെ ആരോഗ്യം തകരാറിലായതെന്ന പ്രചാരണങ്ങൾ ശക്​തമായി.

വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ ഇടതു കൊറോണറി ആര്‍ട്ടറിയില്‍ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നെന്നും വ്യക്​തമാക്കി ഡോക്ടര്‍മാര്‍ രംഗത്തെത്തുകയും ചെയ്​തു. ഇപ്പോൾ, ഇതുസംബന്ധിച്ച്​ തമിഴ്​ നടൻ മൻസൂർ അലിഖാൻ നടത്തിയ പ്രതികരണത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​. വിവേകിന്‍റെ ആരോഗ്യത്തിന്​ കുഴപ്പമൊന്നുമില്ലായിരുന്നെന്നും കോവിഡ്​ വാക്​സിൻ എടുത്തതുകൊണ്ടാണ്​ ഗുരുതരാവസ്​ഥയിലായതെന്നുമാണ്​ വിഡിയോയിൽ മൻസൂർ അലിഖാൻ പറയുന്നത്​.

വിവേക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയു​േമ്പാൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു മൻസൂർ അലിഖാന്‍റെ പ്രതികരണം. കോവിഡ് എന്നൊന്ന് ഇല്ലെന്നും ടെസ്റ്റുകൾ നിർത്തിയാൽ ആ നിമിഷം കോവിഡ്​ ഇന്ത്യയിൽ കാണില്ലെന്നും നടൻ പറയുന്നുണ്ട്​. 'ഇവിടെ ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ടവരില്ലേ? എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സിൻ എടുപ്പിക്കുന്നത്? കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? വിവേകിന്​ ഒരു കുഴപ്പവുമില്ലായിരുന്നു. കോവിഡ് വാക്സിൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വർഷമായി ‍‍ഞാൻ പറയുന്നുണ്ട്​- ഇവിടെ കോവിഡ്​ ഇല്ലെന്ന്​. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. പരിശോധന അവസാനിപ്പിക്കുന്ന ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല'- അദ്ദേഹം പറയുന്നു.

മാധ്യമങ്ങളും മറ്റും ജനങ്ങളെ പേടിപ്പിക്കുകയാണെന്നും നടൻ ആരോപിക്കുന്നു. താൻ മാസ്ക് ധരിക്കാറില്ലെന്നും തെരുവിൽ ഭിക്ഷക്കാർക്കൊപ്പവും തെരുവുനായകൾക്കൊപ്പവും കിടന്ന് ഉറങ്ങിയിട്ടുണ്ട്​. ഭിക്ഷക്കാർക്കൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്​. എന്നിട്ടും തനിക്ക്​ ഒന്നും വന്നില്ലല്ലോയെന്ന്​ മൻസൂർ അലിഖാൻ ചോദിക്കുന്നു.

'പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോകുന്നത്​ ശ്വാസകോശത്തിന് കുഴപ്പമുണ്ടാക്കും. ജോലിക്ക് പോകാൻ പറ്റാതെ ഇവിടെ വിഷമിക്കുകയാണ്​ ജനങ്ങൾ. സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യമൊക്കെ കഷ്​ടത്തിലാണ്​. ഈ കോവിഡ് വാക്സിൻ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നവർ വാക്​സിൻ എടുക്കുന്നവർക്ക്​ 100 കോടി ഇൻഷുറൻസ് തരൂ. ഇ​െതല്ലാം രാഷ്ട്രീയ കളിയാണ്​.കോവിഡ് എന്ന് പറഞ്ഞ് ജീവിക്കാൻ അനുവദിക്കുന്നില്ല. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് െകാടുക്കാൻ ഇവർ തയാറാകണം' -അദ്ദേഹം പറയുന്നു.

മന്‍സൂര്‍ അലിഖാന്‍റെ ഈ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിഡിയോ സംബന്ധിച്ച ചർച്ച സജീവമാണ്​. ചിലർ നടനെ അനുകൂലിച്ചപ്പോൾ ഒട്ടേറെ പേര്‍ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ഒരു നടനെന്ന നിലയില്‍ അല്‍പ്പം കൂടി ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണമെന്നായിരുന്നു ചിലരുടെ അഭിപ്രായം. മന്‍സൂര്‍ അലിഖാനില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും നേരത്തേയും അദ്ദേഹം ഇത്തരത്തില്‍ മണ്ടത്തരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ചിലര്‍ പ്രതികരിച്ചു. മൻസൂറിന്‍റെ വാദം രോഷം കൊണ്ടാണെന്ന്​ ​പ്രതികരിച്ചവരുമുണ്ട്​.

Full View

Tags:    
News Summary - Actor Mansoor Ali Khan on Vivek's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.