ഇന്നസെന്‍റ് കൊച്ചുമക്കളായ അന്നക്കും ഇന്നൂസിനുമൊപ്പം
സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്നസെന്റിന്റെ കൊച്ചുമകനായ ജൂനിയർ ഇന്നസെന്റ്. ഇന്നൂസ് എന്ന് വിളിപ്പേരുള്ള ജൂനിയർ ഇന്നസെന്‍റിന് ആ പേരു നൽകിയത് മുത്തശ്ശൻ തന്നെയാണ്. ഐ.എം. ഏലിയാസ് സംവിധാനംചെയ്യുന്ന ‘ഹായ് ഗായ്‌സ്’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പ്ലസ് ടു വിദ്യാർഥിയുടെ റോളാണ് സിനിമയിൽ. കൂടാതെ അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേം പാറ്റ’ എന്ന മറ്റൊരു സിനിമകൂടി ഒരുങ്ങുന്നുണ്ട് ഇന്നുവിന്റേതായി. സിദ്ദിഖ്, മമത മോഹൻദാസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത കലാകാരന്മാരിൽ ഒരാളായിരുന്നു ഇന്നസെന്‍റ്. അതുല്യ കലാകാരന്‍റെ തലമുറയിൽ നിന്നും ഒരു യുവ താരം സിനിമയിലേക്ക് എത്തുന്നതിൽ വീട്ടുകാരെപോലെതന്നെ ആരാധകരും സന്തോഷത്തിലാണ്. 'അപ്പാപ്പന് ഞാൻ സിനിമയിൽ വരുന്നതിൽ താൽപര്യമായിരുന്നു. പക്ഷേ, റെക്കമെൻഡ് ചെയ്തിട്ടില്ല. സഹോദരി അന്നയ്ക്കാണ് സിനിമയിലേക്ക് ആദ്യ ഓഫർ വന്നത്. മഞ്ജു വാരിയരുടെ ചിത്രത്തിലേക്ക്. അന്നയ്ക്ക് താത്പര്യമില്ലാത്തതിനാൽ നടന്നില്ല' -ഇന്നസെന്റ് ജൂനിയർ പറഞ്ഞു.
ഇന്നസെന്‍റിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു തന്‍റെ കൊച്ചുമക്കളായ അന്നയും ഇന്നൂസും. താരത്തിന്‍റെ പല അഭിമുഖങ്ങളിലും ഇരുവരുടേയും വിശേഷങ്ങൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇന്നസെന്റ് ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു പേരക്കുട്ടികളുടെ സിനിമാപ്രവേശനം. സമയമാകുമ്പോൾ എല്ലാം നടക്കും എന്ന് കരുതി. ഇപ്പോൾ ആ സമയമായിരിക്കുന്നു. എന്നാൽ, അതിന്റെ ഭാഗമാവാൻ അപ്പാപ്പൻ ഇല്ലാതെപോയല്ലോ എന്ന സങ്കടംമാത്രം. സ്വർഗത്തിലിരുന്ന് അപ്പാപ്പൻ എല്ലാം കാണുന്നുണ്ടാകും എന്ന് വിശ്വസിക്കാനാണ്എനിക്കിഷ്ടം - ജൂനിയർ ഇന്നസെന്‍റ് അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.