നടൻ വിജയ്‌യുടെ പാർട്ടിയായ ടി.വി.കെയുടെ റാലിക്കിടെ കരൂരിൽ സംഭവിച്ച ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് തമിഴ് നടൻ അജിത്. കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദിയെന്ന് അജിത് പറഞ്ഞു.
"ഞാൻ ആരെയും അല്ലെങ്കിൽ ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തുകയില്ല. തമിഴ്നാട്ടിലെ എല്ലാ കാര്യങ്ങളും ആ സംഭവത്തോടെ മാറി മറിഞ്ഞു. അത് ആ ഒരാളുടെ മാത്രം തെറ്റല്ല. നമ്മൾക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്. നമ്മൾ എല്ലാവരും അതിന് ഉത്തരവാദികളാണ്. ഇന്നത്തെ കാലത്ത് ഒരുപാട് ജനങ്ങളെ ഒരു പരിപാടിയിൽ കൊണ്ടുവരുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. അതെല്ലാം അവസാനിക്കണം.- അദ്ദേഹം പറഞ്ഞു.
കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് ജനങ്ങളുടെ സ്നേഹത്തിന് വേണ്ടിയാണ് ആരുടെയും ജീവൻ അപകടത്തിലാക്കാൻ അല്ലെന്നും ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അജിത് പറഞ്ഞു.
കുടുംബത്തിന്റെ ഒപ്പം നിൽക്കാതെ കഷ്ടപ്പെട്ട് സിനിമയിൽ അഭിനയിക്കുന്നതും ഉറക്കമില്ലാതെ ഡിപ്രഷൻ അനുഭവിക്കുന്നതും സെറ്റിൽ അപകടം വകവെക്കാതെ ഷൂട്ട് ചെയ്യുന്നതും അവരുടെ സ്നേഹത്തിന് വേണ്ടിയാണ്. ആരുടേയും ജീവൻ അപകടത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല", അജിത് പറഞ്ഞു.
അന്ന് അവിടെ സംഭവിച്ചത് തന്നെ പൂർണമായും തളർത്തിയിരുന്നുവെന്നും അജിത് പറഞ്ഞു.
അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് നടൻ വിജയ് രംഗത്തെത്തിയിരുന്നു. മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ദുരിതബാധിതരെ ഒരിക്കലും കയ്യൊഴിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് ഉറപ്പു നൽകി.
അപകടത്തിന് പിന്നാലെ ചെന്നൈയിലേക്ക് പോയ വിജയ് കരൂർ സന്ദർശിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ദുരന്തബാധിതരുടെ ബന്ധുക്കളെ വിജയ് കണ്ടത്. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമുള്ള സാമ്പത്തിക സഹായം നേരത്തെ തന്നെ നൽകിയിരുന്നു. വിമർശനം ശക്തമായതിന് പിന്നാലെയാണ് ദുരന്തബാധിതരെ മഹാബലിപുരത്തെത്തിച്ചാണ് വിജയ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.