'പാട്ട് കൊള്ളാമെങ്കിൽ മാത്രം എന്നെ അംഗീകരിച്ചാൽ മതി, നിറവും ജാതിയും നോക്കേണ്ട'; വിവേചനത്തിനെതിരെ തുറന്നടിച്ച് പന്തളം ബാലൻ

വിദ്യാഭ്യാസപരമായി നാം ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും നിറത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ മാറ്റിനിർത്തുന്ന പ്രവണക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് പ്രശസ്ത ഗായകൻ പന്തളം ബാലൻ. നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. കറുത്തവനും ഈ മണ്ണിൽ അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്നും, കലാകാരന്മാരെ വിലയിരുത്തേണ്ടത് അവരുടെ കലയുടെ ഗുണനിലവാരം നോക്കിയായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ നിറം കറുപ്പാണെന്നും എന്നാൽ പാട്ട് കൊള്ളാമെങ്കിൽ മാത്രം തന്നെ അംഗീകരിച്ചാൽ മതിയെന്നും, മറിച്ച് തന്റെ ജാതിയോ മതമോ വർണ്ണമോ ആരും ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

നന്ദഗോവിന്ദം ഭജൻസിനെതിരെ നടന്ന സൈബർ ആക്രമണങ്ങളെയും നിലവിലെ സാമൂഹിക സാഹചര്യങ്ങളെയും പന്തളം ബാലൻ വിമർശിച്ചു. ഭജന സംഘത്തെ വാനോളം പുകഴ്ത്തിയവർ തന്നെ ഇപ്പോൾ പരിഹസിക്കുന്നതിലെ വൈരുദ്ധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യരെയെല്ലാം തുല്യരായി കാണാനുള്ള കഴിവ് സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ദളിതനുമെല്ലാം മനുഷ്യരാണെന്ന ലളിതമായ സത്യം ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല എന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ കാലതാമസത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മരണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും കുറ്റാരോപിതരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കാത്തത് ദളിത് വിഭാഗങ്ങൾക്ക് ഇന്നും പരിഗണനകളോ സുരക്ഷയോ ലഭിക്കുന്നില്ല എന്നതിന്റെ തെളിവാണ്. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ഗൗരവകരമായ പ്രതികരണങ്ങൾ ഉണ്ടാകാത്തതിലും അദ്ദേഹം അമർഷം രേഖപ്പെടുത്തി. അവകാശങ്ങൾക്കായി ശബ്ദമുയർത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പന്തളം ബാലൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്

Tags:    
News Summary - Accept me only if my song is good; there’s no need to look at my color or caste"; Pandalam Balan lashes out against discrimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.