അന്ന മഗ്നാനി
റോം: ഇറ്റാലിയൻ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളായ അന്ന മഗ്നാനിയെ ഇന്ന് ലോകം ഏറെക്കുറെ മറന്നിരിക്കുകയാണ്. 1955-ൽ ദ റോസ് ടാറ്റൂ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്കാർ സ്വന്തമാക്കിയ ആദ്യ ഇറ്റലിക്കാരിയായിരുന്നു അവർ. "ടൈഗ്രസ് ഓഫ് ഇറ്റാലിയൻ സ്ക്രീൻ" എന്ന് ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ച മഗ്നാനിയെ "ഗോഡസ്" എന്നാണ് ഹോളിവുഡിലെ മെറിൽ സ്ട്രീപ് വിശേഷിപ്പിച്ചത്. എങ്കിലും, ഇന്ന് പുറം ലോകം ഇറ്റാലിയൻ സിനിമയെപ്പറ്റി പറഞ്ഞാൽ ആദ്യം ഓർക്കപ്പെടുന്നത് സോഫിയ ലോറനെയാണ്.
റോബർട്ടോ റൊസ്സെല്ലിനി സംവിധാനം ചെയ്ത 1945-ലെ റോം ഓപ്പൺ സിറ്റിയാണ് മഗ്നാനിയുടെ കരിയറിലെ നാഴികക്കല്ല്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ചിത്രീകരിച്ച ഈ സിനിമ 80ാം വയസിലേക്ക് കടക്കുമ്പോൾ, വീണ്ടും മഗ്നാനിയെ ഓർക്കേണ്ടിയിരിക്കുന്നുണ്ട്.
ചിത്രത്തിൽ ‘പീന’ ആയി എത്തിയ മഗ്നാനിയെ, സാധാരണ സ്ത്രീയുടെ യാഥാർത്ഥ്യവും വേദനയും സ്‌നേഹവും കരുത്തും ഒരുമിച്ച് പ്രേക്ഷകരുടെ മുമ്പിൽ കൊണ്ടുവന്നു.റിഹേഴ്സൽ ചെയ്യാതെ ഒരുതവണ മാത്രം ഷൂട്ട് ചെയ്ത വെടി ഏൽക്കുന്ന രംഗം സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ദൃശ്യങ്ങളിൽ ഒന്നായി മാറി.
‘ഫോട്ടോജനിക്’ അല്ലെന്ന പേരിൽ സിനിമയിൽ പ്രധാനവേഷങ്ങൾ ലഭിക്കാതെ നിന്ന മഗ്നാനി , തികഞ്ഞ നടിയായി ഉയർന്നുവന്നത് തന്നെ ഒരു പോരാട്ടത്തിന്റെ കഥയാണ്. 'എന്റെ ചുളിവുകൾ മറയ്ക്കരുത്. അവ ഉണ്ടാക്കാൻ ഒരു ജീവിതകാലം വേണ്ടി വന്നതാണ്,' എന്നായിരുന്നു അവളുടെ നിലപാട്.
മാർലൻ ബ്രാൻഡോക്ക് മുന്നിൽ അഭിനയിക്കുമ്പോഴും ഭയപ്പെടുത്തുന്ന വിധത്തിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച മഗ്നാനിയെ "സിനിമാ ദേവി"യെന്ന് വിളിച്ചവർ കുറവല്ല. എന്നാൽ, യുദ്ധാനന്തര കാലത്തെ സന്തോഷവും ഗ്ലാമറും പ്രതിനിധീകരിച്ച സോഫിയ ലോറനും ഗീന ലോളോബ്രീജിഡയും മറികടന്ന് മഗ്നാനി ഇന്നും ജനപ്രിയനാമമാകാതെ പോയത് സിനിമാ ചരിത്രത്തിലെ വിരോധാഭാസമായി തന്നെ തുടരുന്നു.
' മഗ്നാനിയയെ പിടികൂടാനോ, പകർത്താനോ, മ്യൂസിയത്തിലാക്കാനോ കഴിയില്ല. അവരെ ഓർക്കണമെങ്കിൽ, അവരുടെ സിനിമകൾ കാണുക,' എന്നാണ് മഗ്നാനിയുടെ കൊച്ചുമകൾ ഒലിവിയയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.