ആദിത്യ ധർന്‍റെ സംവിധാനത്തിൽ രൺവീർ സിങ്ങും അർജുൻ രാംപാലും ഒന്നിച്ചഭിനയിച്ച ആക്ഷൻ ചിത്രമായ ധുരന്ധർ: ദി റിവഞ്ച് ബോക്സ് ഓഫീസിൽ ശക്തമായ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ സിനിമ കുറിച്ച റെക്കോഡുകളെല്ലാം മറികടന്ന് മുന്നേറുന്ന ധുരന്ധറിന്‍റെ അണിയറ വിവരങ്ങളാണിപ്പോൾ പുറത്തു വരുന്നത്. ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ ക്ലൈമാക്‌സിന്‍റെ ചിത്രീകരണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ചിത്രത്തിന്‍റെ ക്ലൈമാക്സിലെ സ്ഫോടനരംഗങ്ങൾ സി.ജി.ഐ ഉപയോഗിക്കാതെയാണ് ചെയ്തതെന്ന് സിനിമയുടെ എസ്.എഫ്.എക്സ് (SFX) സൂപ്പർവൈസർ വിശാൽ ത്യാഗി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലൈമാക്സ് രംഗം കൃത്രിമമാണെന്ന് തോന്നാതിരിക്കാൻ വിഷ്വൽ ഇഫക്റ്റുകൾക്ക് പകരം യഥാർത്ഥ സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
'വിഷ്വൽ ഇഫക്റ്റുകൾക്ക് പകരം യഥാർത്ഥ സ്ഫോടനങ്ങൾ വേണമെന്ന് സംവിധായകന് തുടക്കം മുതലേ നിർബന്ധമുണ്ടായിരുന്നു. സാധാരണയായി ചെറിയ സ്ഫോടനങ്ങൾ സെറ്റിൽ ചിത്രീകരിക്കുകയും പിന്നീട് ഡിജിറ്റലായി അതിനെ ഗംഭീരമാക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ ധുരന്ധർ 2ൽ നിന്ന് ആ രീതി ഒഴിവാക്കി. ഈ രംഗം ചിത്രീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. കഠിനമായ തയാറെടുപ്പുകൾ വേണ്ടി വന്നു' വിശാൽ ത്യാഗി പറഞ്ഞു.
'ക്ലൈമാക്സിലെ ടാങ്കർ സ്ഫോടനമായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഈ പ്രത്യേക രംഗമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ സുരക്ഷാ ആശങ്ക. 500 ലിറ്റർ പെട്രോളാണ് കത്തിക്കുന്നത്. സീനിലെ ഓരോ ചെറിയ വിശദാംശങ്ങളും യഥാർത്ഥമാണ്. ടാങ്കറുകളിൽ സ്ഫോടനം നടത്തുമ്പോൾ അടുത്തുകൂടി നടക്കുന്ന രൺവീറിലേക്ക് തീജ്വാലകൾ എത്തമോ എന്ന് ഞങ്ങൾ ഭയന്നിരുന്നു. എന്നാൽ ഞങ്ങൾ എല്ലാ ജോലികളും കൃത്യമായി ചെയ്തു' അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് അഭിനേതാക്കളും ആ രംഗത്തിന്റെ ഭാഗമായിരുന്നെങ്കിലും, ഷൂട്ടിങിനിടെ രൺവീറിന് കൂടുതൽ അപകടസാധ്യത നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. 'ഷോട്ടിൽ അർജുൻ ഉണ്ടായിരുന്നു. തുടർന്ന് സ്ഫോടന ഷോട്ട് എടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവനെ അവിടുന്ന് മാറ്റി. എനിക്ക് രൺവീറിനെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത്ര ആശങ്ക തോന്നിയില്ല. ഇത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു, പക്ഷേ ഞങ്ങൾ ആത്മവിശ്വാസത്തിലായിരുന്നു. എന്നോട് 250 ലിറ്റർ പെട്രോൾ ഉപയോഗിക്കാനാണ് ടീം പറഞ്ഞത്. പക്ഷേ കുറഞ്ഞത് 500 ലിറ്റർ ഇന്ധനം ആവശ്യമാണെന്ന് ഞാൻ നിർബന്ധം പിടിച്ചു. അത് പൊട്ടിത്തെറിപ്പിക്കാൻ, ശരിയായ ഫലം ലഭിക്കുന്നതിനായി ഈ ടാങ്കുകളിൽ ഓരോന്നിലും 25 കിലോ സ്ഫോടക വസ്തുക്കൾ ചേർക്കേണ്ടി വന്നു. ഞാൻ എല്ലാവരും പറയുന്നത് കേട്ടു, പക്ഷെ എന്റെ മനസ്സ് പറഞ്ഞതാണ് ചെയ്തത്' വിശാൽ ത്യാഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.