സംഗീതമേ നിൻ പൂഞ്ചിറകിൽ
പാട്ടിലെ അഭിജാത മുഖമായിരുന്നു യൂസഫലി കേച്ചേരി. പല നിറങ്ങൾ തമ്മിലിണങ്ങി നിൽക്കുന്ന വർണരാജി പോലെയാണ് ആ ഗാനങ്ങൾ. പാട്ടിൽ മറ്റാരും സഞ്ചരിക്കാത്ത വഴിയിലായിരുന്നു ആ യാത്ര. മലയാള ഗാനചരിത്രത്തിലെ സവിശേഷമായ ആവിഷ്കാരങ്ങളായി അവ മാറുന്നു. പാട്ടിനെ വിശദീകരിക്കുന്നതിലപ്പുറം ജീവിതത്തെ നവീകരിക്കുന്ന പാട്ടുകളായിരുന്നു യൂസഫലിയുടേത്. ആ ഗാനങ്ങളുടെ വരികളിലെ ശിൽപപരമായ സൗന്ദര്യവും ഭദ്രതയും അത്രമേൽ ശ്രദ്ധേയമാണ്. സംഗീതത്തെ ആരാധിക്കുന്ന ഒരാളുടെ ജീവിത ഭാവങ്ങൾ ആ ഗാനങ്ങളിൽ നിലകൊണ്ടു. പാട്ടുവരിയുടെ അടിപ്പടവൊരുക്കാൻ സംഗീതത്തിന്റെ ഈ ആദർശ മൂല്യം അദ്ദേഹത്തിന് കൂട്ടായിരുന്നു. സംഗീതത്തിന്റെ മഹിത പാരമ്പര്യങ്ങളിൽ കവി ഉറച്ചുവിശ്വസിച്ചിരുന്നു.
ഗായകൻ/ഗായിക എന്നത് സർഗജീവിതത്തിന്റെ പ്രൗഢമായ ഒരനുഭവ സ്ഥാനമായി അദ്ദേഹം കണക്കാക്കി. പാട്ടുവരികളിൽ ഗായകൻ/ഗായിക എന്ന നിത്യ പ്രചോദനങ്ങളെ അദ്ദേഹം ആശയ സ്ഥാനങ്ങളായി അവതരിപ്പിച്ചു. പാട്ടിൽ സന്നിഹിതമായ ആന്തരിക മൂല്യമായി സംഗീത സൗന്ദര്യാത്മകതയെ കൊണ്ടു വന്നു കേച്ചേരി. ആ ഗാനങ്ങളിലെ ആശയ പ്രപഞ്ചത്തിന്റെ ആധാരങ്ങളിലൊന്നായി പ്രവർത്തിച്ചു, ഈ സംഗീത ഭാവുകത്വം. സമുന്നതമായ സംഗീത ബോധ്യങ്ങളിൽ നിന്നുരുവാകുന്ന വാങ്മയമാവുന്നുണ്ട്, യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ. സംഗീതത്തെ പ്രകീർത്തിക്കുന്ന അനേകം പ്രഭാവങ്ങൾ ഒത്തിണങ്ങിനിൽക്കുന്ന സർഗസ്ഥാനമായി പാട്ടിനെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഗാനങ്ങളിൽ സംഗീത മഹിമയെ അനന്യമായ നിലയിൽ പ്രകാശിപ്പിച്ചു. ഗായക /ഗായിക പദവിയെ പാട്ടിൽ മനോഹരമായി സംഗ്രഹിച്ചു. ‘ഗേയം’ (പാടുക) എന്ന പ്രക്രിയയെ ആരാധനയോടെ നോക്കിക്കണ്ടു. ആത്മനിഷ്ഠമായ ആഗ്രഹങ്ങളുടെ സമ്പൂർണമായ പ്രതിഫലനം ആ ഗാനങ്ങളെ സുന്ദരമാക്കി.
സ്വന്തം സംഗീത സങ്കൽപത്തിന്റെ പ്രകാശന സ്ഥാനമായാണ് ഈ ഗാനങ്ങളിലെ ഗായികാ ഗായക സാന്നിധ്യം. സംഗീതമെന്ന അനശ്വര രൂപകത്തെ പാട്ടിൽ അനായാസം സന്നിവേശിപ്പിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തെ സ്വന്തം ഹൃദയാനുഭവവുമായി വിളക്കിച്ചേർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംഗീതത്തിലേക്കുള്ള വഴി തന്നിലേക്കുള്ള വഴിയായി കവി ഉള്ളിൽ നിനച്ചു. യൂസഫലി കേച്ചേരിയുടെ എത്രയോ ഗാനങ്ങളിൽ ഗായകൻ, ഗായിക, ആസ്വാദകൻ എന്നിങ്ങനെയുള്ള ത്രിത്വത്തിന്റെ ഒരു ശ്രേണി എങ്ങനെയോ രൂപപ്പെടുന്നുണ്ട്.
‘ഗാനപ്രിയരേ, ആസ്വാദകരേ’ എന്ന് കേൾവിക്കാരെ വിളിച്ചാദരിക്കുന്ന ഒരാദർശം കവിയിലുണ്ടായിരുന്നു. മാനസ ചഷകത്തിൽ സ്വരരാഗങ്ങൾ തൻ മധുരം നേദിക്കുകയാണ് അദ്ദേഹം. ‘ആസ്വാദകാ നിന്റെ വാതിലിൽ ആഗ്രഹിച്ചെത്തിയ ഗാനമിതാ, അമൃതവർഷിണി രാഗമിതാ’ എന്ന വരിയിലും ഈ ആസ്വാദകപക്ഷത്തെ അനുഗ്രഹിക്കുന്നുണ്ട് കവി. ‘അറിവിൻ മുറിവുള്ള മാനസത്തിൽ അനാദി ഗായകൻ പാടുന്നു’ എന്ന് ഒരു പാട്ടിലെഴുതിയിട്ടുണ്ട് അദ്ദേഹം. ‘സംഗീതമേ, നിന്റെ ദിവ്യസൗഭാഗ്യത്തിൻ സന്ദേശമായ് ഞാനുണർന്നുവെങ്കിൽ, പാഴിരുൾ മൂടിയ മാനസ സാനുവിൽ പാൽക്കതിരായ് പടർന്നുവെങ്കിൽ’ എന്ന് ‘ഗസൽ’ എന്ന ചിത്രത്തിലെ നായിക പാടുന്നത് സംഗീതോന്മുഖതയുടെ സാഫല്യവും സായൂജ്യവുമാണ്.
യൂസഫലി കേച്ചേരിയുടെ പാട്ടുകളിൽ ഒരു പ്രേമ ഗായകൻ/ഗായിക എപ്പോഴും പാടുന്നുണ്ട്. ആ ഗായകന്റെ/ഗായികയുടെ സ്വരമാണ് ഇരുവരുടെയും ചേതനകളെ ഉയിർകൊള്ളിക്കുന്നത്. ‘നിന്റെ ഗാനവാനമാർന്ന നീലിമയിൽ ഞാനലിഞ്ഞു’ എന്നവർ പ്രണയത്തെ പ്രകീർത്തിക്കുന്നു. പ്രേമഗായകൻ ജീവനായകനും കൂടിയാണ് കവിയുടെ പാട്ടിൽ. പാട്ടുകാരൻ കൂട്ടുകാരനും പാട്ടുകാരി കൂട്ടുകാരിയുമൊക്കെയാകുന്നു. ‘പ്രകൃതി നീയൊരു പാട്ടുകാരി, ആരെയും പാടിക്കും കൂട്ടുകാരി, ദേവാമൃതത്തിന്റെ നാട്ടുകാരി’ എന്ന വരികൾ സംഗീതത്തിൽ അത്രമാത്രം ബദ്ധനായ ഒരാളുടെ ആത്മാർച്ചന കൂടിയാണ്. എല്ലാ കലകളും സംഗീതത്തിലേക്ക് വെമ്പുന്നു എന്ന വാൾട്ടർ പേറ്ററുടെ നിരീക്ഷണമെത്ര ശരിയാണ്. സംഗീതത്തിൽ ആമഗ്നനായ ഒരു കവിയുടെ അഭിജ്ഞയാണിത്. പാട്ടിൽ മറ്റാരും നേരാത്ത പ്രാർഥനയുടെയും സമർപ്പണത്തിന്റെയും സംയോജനം കൂടിയാണിത്. ‘സംഗീതമേ അമര സല്ലാപമേ, മണ്ണിന് വിണ്ണിന്റെ വരദാനമേ, വേദനയെപ്പോലും വേദാന്തമാക്കുന്ന നാദാനുസന്ധാന കൈവല്യമേ’ എന്ന വരിയിൽ ഈ ആഭിമുഖ്യം തീക്ഷ്ണമാകുന്നുണ്ട്.
സംഗീതമെന്നത് കവിക്ക് സ്വരരാഗ ഗംഗാ പ്രവാഹവും സ്വർഗീയ സായൂജ്യ സാരവുമൊക്കെയാകുന്നു. ആത്മാവിൽ സംഗീത സ്പന്ദനമില്ലെങ്കിൽ ഈ വിശ്വം തന്നെ ചേതനയറ്റതാകുമെന്ന് അദ്ദേഹം പാട്ടിൽ തുടർന്നെഴുതി. ‘ഹൃദയത്തിൻ തന്ത്രി മീട്ടും ഗായകാ നിൻ മധുവൂറും കവിതയ്ക്കെന്നഞ്ജലി, രാഗാഞ്ജലി’ എന്ന് ഒരു നായിക പാട്ടിൽ പ്രണയത്തെ നിവേദിക്കുന്നു. ‘പാടാനറിയില്ലെങ്കിലും ഞാൻ ഗായികയായി മാറും നിന്നെ കണ്ടാൽ’ എന്ന നായികയുടെ പ്രേമാർച്ചന, പാട്ടിനെ കേവലതയിൽ നിന്ന് മറ്റൊരു ഭാവുകതയിലേക്കുയർത്തുന്നുണ്ട്. ‘തേനാണു നിൻ സ്വരം പാട്ടുകാരാ, പൂവാണ് നിൻ മനം കൂട്ടുകാരാ, രാഗം വിടരുന്ന നിൻ മനസ്സിൽ അനുരാഗമായ് ഞാനലിഞ്ഞോട്ടെ’ എന്ന വരിയിൽ സംഗീതബദ്ധമായ ഒരനുരാഗത്തിന്റെ ധന്യസ്ഥായിയുണ്ട്. ഗാനോന്മുഖമായ ഒരു എഴുത്തിന്റെ ധാരയാണിത്. സുപ്തമായ സംഗീതം അകമേ വഹിക്കുന്ന ഒരാളുടെ എഴുത്ത്.
‘യൗവനം പൂവനം നീയതിൽ തേൻ കണം, രാഗമായ് താളമായ് നീ വരൂ ഗായികേ’ എന്ന വരികളിലെ പ്രണയ ശ്രുതിയിലെ സന്ദേശവും മറ്റൊന്നല്ല വിളംബരം ചെയ്യുന്നത്. ഗായകനും ഗായികയും പങ്കിടുന്ന ഗേയത്വത്തിന്റെ സർഗാത്മക വേളകൾ പാട്ടിൽ പണിയുകയാണ് കവി. ‘പ്രേമ വനിയിതിൽ വരൂ നായകാ, ഗാന മധുരിമ തരൂ നീ ഗായകാ’ എന്ന പാട്ട് കേൾക്കുമ്പോൾ പ്രണയത്തെയും സ്‌മരണയെയും തഴുകുന്ന സംഗീത ശ്രുതികൾ ഒന്നിച്ചുചേരുന്നു. സംഗീതത്തിന്റെ പവിത്രത വഴിയുന്ന വിസ്തൃതികളും സംഗീതത്തോടും ആലാപനത്തോടുമൊക്കെയുള്ള അഗാധമായ സാത്മീകരണവുമെല്ലാം യൂസഫലി കേച്ചേരിയുടെ പാട്ടുകളിൽ ഏറെ പ്രകടമായി തെളിയുന്നു. ‘സാരസ്വത മധുവേന്തും സരസ്സീരുഹമേ സംഗീതമേ, നിന്റെ മൃദുല ദളങ്ങളിൽ ചുംബിക്കാൻ മോഹം, മധുരം നുകരാൻ മോഹം’ എന്ന് അദ്ദേഹം ഒരു പാട്ടിൽ നിനയ്‌ക്കുന്നുണ്ട്.
സംഗീതത്തിന്റെ നിസ്തുലതയും ശ്രുതിപ്രസാദവുമൊക്കെ നാം കേച്ചേരിയുടെ വരികളിൽ അനുഭവിച്ചറിയുന്നു. ‘സംഗീതമേ നിൻ പൂഞ്ചിറകിൽ എന്നോമലാൾ തൻ കണ്ണീരോ’ എന്ന വരികളിലെ കാതര സംബോധനയെ കാണാതെ പോകുന്നതെങ്ങനെ? അനുരാഗത്തിന്റെ ശ്രുതിപൂർണിമ മുഴുവൻ ഈ വരികളിലുണ്ട്. അങ്ങനെ യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ അനുഭവത്തിനപ്പുറം അനുഭൂത്യാത്മകമായ ഒരു വാഴ്‌വുണ്ടാക്കുന്നു. ഇങ്ങനെ പാട്ടുകളിൽ സംഗീത മഹിമകൾ അന്തഃശ്രുതിയായിത്തീരുന്ന അത്ഭുതങ്ങൾ അധികമാരുമുണ്ടാക്കിയിട്ടില്ല. ‘പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കും പ്രണവമല്ലോ സംഗീതം’ എന്ന് അദ്ദേഹം പാട്ടിലെഴുതി. ഒടുവിൽ ലോകത്തിലെ ഏത് വേദാന്തത്തെയും അഴിച്ചുപണിയാൻ കെൽപുള്ള ജീവിതബോധത്തെ വരികളിൽ അദ്ദേഹം അലങ്കരിച്ചുവെച്ചതിങ്ങനെ... ‘ആരോഹണത്തിൽ ചിരിച്ചും അവരോഹണത്തിൽ കരഞ്ഞും അജ്ഞാത ഗായകനാരോ പാടും കദന മനോഹര ഗാനം, വാഴ്‌വൊരു കദന മനോഹര ഗാനം...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.