രാജ്യാന്തര എ.ഐ ചലച്ചിത്ര മേളയിൽ മാറ്റുരക്കാൻ മലയാളി സംവിധായകൻ
കോട്ടയം: ഫ്രാൻസിൽ നടക്കുന്ന എ.ഐ ഫിലിം അവാർഡ് കാൻസ് 2026 ൽ മത്സരിക്കാൻ മലയാളി സംവിധായകന്‍റെ ചിത്രവും. കോട്ടയം ചെങ്ങളം സ്വദേശിയായ സച്ചു കുന്നത്തിലിന്റെ ‘ദി ലൈറ്റ്’ എന്ന എ.ഐ ആനിമേഷൻ ഷോട്ട് ഫിലിമാണ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽനിന്നുള്ള ഏക ചിത്രമാണ് ‘ദി ലൈറ്റ്’.ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചാണ് ചിത്രത്തിന്‍റെ നിർമാണം. കോട്ടയം ഫിലിം സൊസൈറ്റി അംഗമായ സച്ചു കുന്നത്തിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ആനിമേഷനും എഡിറ്റിങ്ങും മനോജ് മഹാദേവൻ.
ദേശീയ അവാർഡ് ജേതാവും ‘ബിരിയാണി’ ചിത്രത്തിന്റെ സംവിധായകനുമായ സജിൻ ബാബുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇറ്റലിയിൽ നടക്കുന്ന ഫെസ്റ്റിവലിലേക്കും ഡൽഹിയിൽ നടക്കുന്ന ദാദാ സാഹെബ് ഫാൽക്കെ ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ തുടക്ക ചിത്രമായിരുന്ന ‘സിഗ്നേച്ചർ’ സംവിധാനം ചെയ്തത് സച്ചുവാണ്. എസ്.ബി.ഐ ക്രഡിറ്റ് വിഭാഗത്തിൽ ബംഗളൂരുവിൽ ജോലി ചെയ്യുന്ന സച്ചു 13 വർഷമായി സിനിമ രംഗത്തുണ്ട്. ചെങ്ങളം കുന്നത്ത് വില്ലയിൽ ബിജു കുന്നത്തിന്‍റെയും സുജ കുരുവിളയുടെയും മകനാണ്. സഹോദരി: സോന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.