'എം80 മൂസ'യുടെ നർമ്മത്തിൽ നിന്ന്​ 'വൂൾഫി'ന്‍റെ വന്യതയിൽ എത്തിനിൽക്കു​േമ്പാൾ ഷാജി അസീസിന്​ പറയാനുള്ളത്​...

മനുഷ്യ മനസ്സ്​ ഒരു വനമാകുകയും അതിൽ നിന്നൊരു ചെന്നായയുടെ വന്യത പുറ​ത്തെത്തുകയും ചെയ്യുന്നൊരു സമയമുണ്ട് എല്ലാവരിലും​. ഓരോ കഥാപാത്രത്തിലും ഒളിച്ചിരിക്കുന്ന ഇത്തരമൊരു ചെന്നായയെ പുറത്തുകൊണ്ടുവരികയായിരുന്നു ഷാജി അസീസ്​ സംവിധാനം ചെയ്​ത 'വൂൾഫ്​' എന്ന സിനിമ. 'എം80 മൂസ' എന്ന ജനപ്രിയ പരമ്പരയുടെ നർമ്മ പശ്​ചാത്തലത്തിൽ നിന്ന്​ 'വൂൾഫി'ന്‍റെ വന്യതയിലെത്തി നിൽ​ക്കു​േമ്പാൾ, പ്രമേയത്തിലെ വ്യത്യസ്​തത ഷാജി അസീസിന്​ ഏറെ കയ്യടിയാണ്​ നേടിക്കൊടുക്കുന്നത്​.

'ഷേക്​സ്​പിയർ എം.എ മലയാളം', 'ഒരിടത്തൊരു പോസ്റ്റ്മാൻ' എന്നീ സിനിമകൾക്ക്​ ശേഷം പത്ത്​ വർഷത്തെ ഇടവേളയെടുത്ത്​ ഷാജി അസീസ് സംവിധാനം ചെയ്​ത സിനിമയാണ്​ 'വൂൾഫ്​'. ഒ.ടി.ടി റിലീസ്​ ആയിരുന്ന സിനിമ പ്രമേയത്തിലെ പുതുമ കൊണ്ടും അവതരണരീതി കൊണ്ടും ഇർഷാദിന്‍റെയും അർജുൻ അശോകിന്‍റെയുമൊക്കെ അഭിനയമികവ്​ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിയോജിപ്പ്​ രേഖപ്പെടുത്തിയവരും നിരവധി. ആ വിശേഷങ്ങളെല്ലാം ഷാജി അസീസ്​ 'മാധ്യമം ഓൺലൈനു'മായി പങ്കു​വെക്കുന്നു

കോവിഡ്​ കാലത്തെ ഷൂട്ടിങ്​ അനുഭവങ്ങൾ

നമ്മളൊക്കെ മുമ്പ്​ സിനിമ ചെയ്തു ശീലിച്ച ഒരു സാഹചര്യം അല്ലായിരുന്നു 'വൂൾഫ്' ചെയ്യുമ്പോൾ ഉണ്ടായിരുന്നത്. ലോക്​ഡൗൺ ഒക്കെ അവസാനിച്ച ശേഷം ഷൂട്ട് ചെയ്ത സിനിമയായിരുന്നു ഇത്. അതുകൊണ്ടൊക്കെ തന്നെ പ്രോട്ടോകോൾ അനുസരിച്ച്, ക്രൂവിലുള്ള എല്ലാവരെയും കോവിഡ് ടെസ്റ്റ് നടത്തി ഒക്കെയാണ് ഷൂട്ട് തുടങ്ങിയത്. പുറമെ നിന്ന് ആരെയും അനാവശ്യമായി ലൊക്കേഷനിൽ കയറ്റാതിരിക്കാനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സത്യം പറഞ്ഞാൽ ലൊക്കേഷനിലുള്ള ആർക്കെങ്കിലും കോവിഡ് വരുമോ എന്നുള്ള ആശങ്കയായിരുന്നു ഓരോ ദിവസവും. ഇത്തരം അനുഭവങ്ങൾ മു​െമ്പാന്നും ഇല്ലാത്തതിനാൽ അതി​േന്‍റതായ ഓവർ ശ്രദ്ധ തന്നെ ഉണ്ടായിരുന്നു വാസ്തവത്തിൽ. അതിനെയൊക്കെ മറികടന്നാണ് ചുരുങ്ങിയ ബജറ്റിൽ, 20 ദിവസത്തിനുള്ളിൽ ഷൂട്ടിങ് തീർത്തത്. കോവിഡ് കാലമായതിനാൽ ഒരു വലിയ സിനിമയുടെ ബഹളങ്ങൾ ഒന്നുമില്ലാതെ ഷൂട്ട് ചെയ്ത സിനിമയാണിത്​. ഒപ്പം ഉണ്ടായിരുന്ന എല്ലാവരും ആ സാഹചര്യത്തെ മാനിച്ചു തന്നെയാണ് വർക്ക് ചെയ്തത്.

കഥ പ്രസിദ്ധീകരിക്കുന്നത്​ ചിത്രീകരണത്തിനിടെ

വാസ്​തവത്തിൽ ജി.ആർ. ഇന്ദുഗോപന്‍റെ 'ചെന്നായ' എന്ന കഥ ആളുകളിലേക്ക്​ വന്നതിനുശേഷം അല്ല ഈ സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുന്നത്​. ഇന്ദുഗോപൻ എന്‍റെ വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്‍റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥ ഒക്കെ സിനിമയാക്കാൻ ഞങ്ങൾ ആലോചിച്ചിരുന്നു. എന്നാൽ, പല കാരണങ്ങളാലും ആ പ്രോജക്ട് നടന്നില്ല. അതിനുശേഷം ഇന്ദുഗോപൻ മനസിൽ വരുന്ന കഥകളെ കുറിച്ച് ഒക്കെ വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം വിളിച്ചു സംസാരിക്കുമ്പോഴാണ് ഒരു ത്രെഡ് മനസിൽ വന്നു എന്ന് എന്നോട് പറയുന്നത്. കൂടുതൽ സംസാരിച്ചപ്പോൾ അത് സിനിമ ആക്കാൻ പറ്റുമോ എന്നുള്ള ഡിസ്കഷൻ ഞങ്ങൾക്കിടയിൽ വന്നു. അങ്ങനെ 4,5 കഥാപാത്രങ്ങളിലൂടെ സിനിമയാക്കാമെന്ന ചിന്ത വരുകയും ഞങ്ങളത് സിനിമയാക്കി മാറ്റുകയുമാണ് ചെയ്തത്. പിന്നീട് ഈ സിനിമയുടെ ഷൂട്ടിങ്​ ഒക്കെ പുരോഗമിക്കുന്നതിനിടെയാണ്​ 'ചെന്നായ' കഥയായി പ്രസിദ്ധീകരിക്കുന്നത്​

കല്യാണം ഉറപ്പിക്കു​േമ്പാൾ തന്നെ ആണധികാരത്തിന്‍റെ നിഴൽ വന്നുവീഴുന്നവർ

പലതരം മനുഷ്യരുടെ കഥയാണ് 'വൂൾഫ്'. പൊതുവിൽ പലതരത്തിലുള്ള മനുഷ്യരെയും അവരുടെ വൈകാരികതകളെയും അവരുടെ വിചിത്രലോകവും എല്ലാം അടയാളപ്പെടുത്തുന്ന എഴുത്തുകാരനാണ് ഇന്ദുഗോപൻ. വിവാഹത്തിന്​ മുമ്പുള്ള വിഷമവൃത്തത്തെ അവതരിപ്പിക്കുന്ന കഥയാണ് എന്നു തോന്നിയത് കൊണ്ടാണ് ഞാൻ 'വൂൾഫ്' തെരഞ്ഞെടുക്കുന്നത്​. വിവാഹശേഷം സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പറയുന്ന ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട് ഇവിടെ. 'ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൺ' ഒക്കെ അത്തരത്തിൽ എനിക്ക് ഒരുപാട് ഇഷ്​ടമായ സിനിമയാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി, കല്യാണം ഉറപ്പിക്കുമ്പോൾ തന്നെ ആണധികാരത്തിന്‍റെ നിഴൽ വന്ന് തന്‍റെ മേൽ വീണുപോകുന്ന കഥാപാത്രമാണ് ഇതിലെ ആശ. ആണധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്ന സഞ്ജയ്, അതിനെ കുട​ഞ്ഞെറിയാൻ ശ്രമിക്കുന്ന ആശ, സ്നേഹത്താൽ മുറിവേറ്റ ജോ.. അത്തരത്തിലെ മൂന്ന് കഥാപാത്രങ്ങളിലൂടെ, അവരുടെ കഥകളിലൂടെ മു​േമ്പാട്ട് പോകുമ്പോൾ മനുഷ്യന്‍റെ ധാരണകൾ, ധാരണപിശകുകൾ തുടങ്ങിയ അവന്‍റെ ചിന്തകളെല്ലാം തന്നെ ഈ സിനിമ ചർച്ച ചെയ്യുന്നു. കാണുന്നവർക്കിടയിൽ പലതരം വായനകൾ ഈ സിനിമ പകരുന്നുണ്ട്​ എന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. ചുറ്റുപാടുകളിലെല്ലാം നീണ്ടുവരുന്ന ആണധികാരത്തിന്‍റെ കൊമ്പ്‌ ഒടിയേണ്ടതുണ്ടെന്ന്‌ ബോധ്യപ്പെടുത്താനാണ്‌ സിനിമ ശ്രമിക്കുന്നത്‌. ഇക്കാര്യത്തിൽ പലരും അവരുടേതായ വിയോജിപ്പും അറിയിച്ചിട്ടുണ്ട്.


ഇർഷാദിന്‍റെ രണ്ട്​ പതിറ്റാണ്ടത്തെ ക്ഷമയും ആത്മസമർപ്പണവും

ഇരുപത് വർഷത്തോളം പഴക്കമുണ്ട് ഞാനും ഇർഷാദും തമ്മിലുള്ള ബന്ധത്തിന്. ആദ്യമായി ഞാൻ ഒരു സീരിയൽ അസിസ്റ്റ്​ ചെയ്യുന്ന കാലത്ത് ഇർഷാദ് ആയിരുന്നു നായകൻ. അന്നുമുതൽ ഇർഷാദിന്‍റെ പെർഫോമൻസ് നമ്മൾ വളരെ അടുത്തു നിന്ന് കാണുന്നുണ്ട്​. ഇയാൾ നല്ല ഒരു നടനാണെന്ന് തോന്നുകയും നന്നായി തന്നെ നിരീക്ഷിക്കുകയും ചെയ്തു. പിന്നീട് പല വർക്കുകളിലും അദ്ദേഹത്തിലെ പ്രതിഭയെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഓരോ പെർഫോമൻസും ഇഷ്​ടം ആകുമ്പോൾ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. ആ സൗഹൃദത്തിൽ നിന്നാണ് 'വൂൾഫ്' വന്നപ്പോൾ സംസാരിക്കുന്നതും ജോ ആകാമെന്ന്​ ഇർഷാദ്​ സമ്മതിക്കുകയും ചെയ്യുന്നത്.

2001 ഏപ്രിൽ 18ന് 'നിലാമഴ' എന്നെ സീരിയൽ ഷൂട്ട് തുടങ്ങുമ്പോൾ അതിൽ ഇർഷാദ് നടനായിരുന്നു. ഞാൻ അസിസ്റ്റന്‍റും. രണ്ട്​ പതിറ്റാണ്ട്​ കഴി​ഞ്ഞ്​ 2021 ഏപ്രിൽ 18ന് ആ നായകനെ വെച്ച് അന്നത്തെ ആ അസിസ്റ്റൻറ് സംവിധാനം ചെയ്ത സിനിമയിലെ കഥാപാത്രത്തെ ആളുകൾ ഏറ്റെടുക്കുമ്പോൾ വല്ലാത്ത സന്തോഷമുണ്ട്. 'നിലാമഴ'യിൽ ഇർഷാദ് നായകനായപ്പോൾ കൂട്ടുകാരന്‍റെ റോൾ നടൻ ജയസൂര്യ ആണ്​ ചെയ്​തത്​. പിന്നീട് രണ്ടുമൂന്നു വർഷം കഴിഞ്ഞ് 'പുലിവാൽ കല്യണം' എന്ന സിനിമയിൽ ജയസൂര്യ നായകനും ഇർഷാദ്​ അതിലെ ചെറിയൊരു കഥാപാത്രവും ആയിരുന്നു. അന്ന് ഇർഷാദിനെ വിളിച്ചു ഞാൻ അതെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. എനിക്ക് തോന്നുന്നു, അന്നത്തെ ആ ഇർഷാദ് എന്ന നടന്‍റെ ക്ഷമയും കാത്തിരിപ്പും തന്നെയാണ് അയാളുടെ ഇപ്പോഴുള്ള വിജയവും അയാൾക്ക് കിട്ടുന്ന അംഗീകാരവും.

എല്ലാ കഥാപാത്രങ്ങളും ഇണങ്ങുന്ന അർജുൻ അശോക്

ഒരു നടൻ എന്ന നിലയിൽ എനിക്ക് അർജുനെ ഇഷ്​ടമാണ്. അയാളുടെ 'ജൂൺ' സിനിമയിലെ പെർഫോമൻസ് വളരെയധികം ഇഷ്​ട​പ്പെട്ടിരുന്നു. അയാൾക്ക് എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളും ഇണങ്ങുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് ആളെ വ്യക്തിപരമായി പരിചയമില്ല. എന്നാൽ, ഈ സിനിമയുടെ സബ്ജക്ട് ഇന്ദുഗോപൻ പറയ്യുമ്പോൾ തന്നെ എന്‍റെ മനസ്സിലേക്ക് വന്ന ഓപ്‌ഷൻ അർജുൻ ആയിരുന്നു. പക്ഷേ ഇന്ദുഗോപൻ പറഞ്ഞ കഥയിൽ വീടിന്‍റെ മുകളിൽ ഉള്ള കഥാപാത്രവും (ജോ) ഒരു 26, 27 വയസ്സുള്ള ചെറുപ്പക്കാരൻ തന്നെ ആണ്. പെട്ടെന്നു ഞാൻ ആണ് പറഞ്ഞത് അത് 45ന്​ മുകളിൽ ഉള്ള ഒരു കഥാപാത്രം ആവട്ടെ എന്ന്. അത് ഓക്കെയാണെന്ന് എത്തിയപ്പോൾ തന്നെ ഇർഷാദിന്‍റെ മുഖം എന്‍റെ മനസ്സിൽ വന്നു. ഇന്ദുഗോപനോട് ഞാൻ പറഞ്ഞു വലിയ താരങ്ങൾക്ക് പുറകെ പോവാതെ അർജുൻ, ഇർഷാദ് തുടങ്ങിയവരിലേക്ക് നമു​ക്ക്​ പോകാമെന്ന്​. തുടർന്ന് കഥ കേട്ടപ്പോൾ തന്നെ ഇരുവരും ചെയ്യാമെന്ന് സമ്മതിച്ചു. അവരുടെ സമ്മതത്തിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. തീർച്ചയായും പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്ന ഒരു നടൻ തന്നെയാണ് അർജുൻ.


അവസാന സിനിമക്ക്​ ശേഷം 10 വർഷത്തെ ഇടവേള

ഞാൻ ഇതിനുമുമ്പ്​ സംവിധാനം ചെയ്​ത സിനിമയായ 'ഒരിടത്തൊരു പോസ്റ്റ്മാൻ' നടക്കുന്നത് പത്തു വർഷം മുമ്പാണ്. പിന്നീട്​ വന്ന ഇടവേള മനപൂർവം എടുത്തത്​ അല്ല. പോസ്റ്റ്മാൻ കഴിഞ്ഞ ശേഷം പി.എഫ്. മാത്യുസിന്‍റെ സ്ക്രിപ്റ്റിൽ ഒരു സിനിമ സംഭവിക്കേണ്ടത് ആയിരുന്നു. അതുമായി ഒരുപാട്​ ദൂരം സഞ്ചരി​െച്ചങ്കിലും പല കാരണങ്ങളാലും അത് നടന്നില്ല. അനൂപ് മേനോൻ ഫുൾ സ്ക്രിപ്റ്റ് തന്നു എങ്കിലും അതും നടന്നില്ല. പിന്നീടും പല ചർച്ചകളും നടക്കുന്ന സമയത്ത് 'ആമേൻ' സിനിമക്ക് ശേഷം ഫരീദ് ഖാൻ നിർമിക്കുന്ന ഒരു സിനിമ പ്ലാൻ ചെയ്‌തു. അത്തരത്തിൽ കുറെ ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും നടക്കാതെ വരുന്ന സമയത്ത് ആണ് അന്ന്​ 'മാധ്യമ'ത്തിൽ ആയിരുന്ന എൻ.പി. സജീഷ് എന്ന സുഹൃത്ത് വഴി 'എം80 മൂസ' എന്ന പ്രോജക്ട് നടക്കുന്നത്. ഏതാണ്ട് മൂന്നര വർഷത്തോളം അതിന്‍റെ ഷൂട്ട് തന്നെ നടന്നു. അങ്ങനെ ആ തിരക്കിൽ പെട്ടു. പിന്നീട് ആണ് 'വൂൾഫ്​' ചെയ്യുന്നത്. മിനിസ്‌ക്രീനിൽ നിന്നും വീണ്ടും ബിഗ്സ്ക്രീനിലേക്ക് വരുമ്പോൾ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായതായി തോന്നിയില്ല.

കുട്ടിക്കാലംമുതൽ നാടകം ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പുസ്‌തകങ്ങളെയും നാടകത്തെയും സ്‌നേഹിച്ചാണ്​ വളർന്നത്​. തൃശൂരിലെ കൊടുങ്ങല്ലൂർ സ്വദേശിയാണ്. അബ്​ദുൽ അസീസും ആബിദയുമാണ്​ മാതാപിതാക്കൾ. ഭാര്യ റമീന ഷാജി കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളേജിൽ അസി. പ്രഫസറാണ്‌. മക്കൾ: അയ്‌ന ഷാജി, ഐറിൻ ഷാജി.

Tags:    
News Summary - Director Shaji Azeez about his new film Wolf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.