യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടിയ സംഭവത്തിൽ പ്രതികരിച്ച് ശങ്കർ. 'അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇവ. നിയമ വ്യവസ്ഥകളുടെ തെറ്റായ വ്യാഖ്യാനവും ദുരുപയോഗവുമാണ്' ഇതെന്ന് ശങ്കർ പറഞ്ഞു. വ്യാപകമായ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും സ്വത്ത് കണ്ടുകെട്ടൽ സംബന്ധിച്ച് ഇ.ഡി.യിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. യന്തിരൻ അരൂർ തമിഴ്നാടന്റെ ജിഗുബയുടെ പകർപ്പാണെന്ന വാദങ്ങൾ ഹൈകോടതി ഇതിനകം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2011-ൽ എഗ്മോറിലെ 13-ാമത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ എഴുത്തുകാരൻ അരൂർ തമിഴ്‌നാടൻ നിയമപരമായ പരാതി നൽകിയതോടെയാണ് വിവാദം ആരംഭിക്കുന്നത്. യന്തിരൻ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലെ ഭൂരിഭാഗവും തന്‍റെ 'ജിഗുബ' എന്ന കഥയിൽ നിന്ന് അനുമതിയില്ലാതെ കടമെടുത്തതാണ് എന്ന് ആരോപിച്ചായിരുന്നു പരാതി. കൃതിയിൽ നിന്നുള്ള നിരവധി പ്രധാന ഘടകങ്ങൾ, പ്രമേയങ്ങൾ, ആഖ്യാന ഘടനകൾ എന്നിവ സിനിമയിൽ പകർത്തിയിട്ടുണ്ടെന്നാണ് അരൂർ പറയുന്നത്.
ശങ്കർ, സൺ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കലാനിധി മാരൻ, സൺ പിക്‌ചേഴ്‌സ് എന്നിവർക്കെതിരെ മദ്രാസ് ഹൈകോടതിയിലാണ് കേസ് ഫയൽ ചെയ്തത്. അന്ന് തമിഴ്നാടൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. 2023-ൽ മദ്രാസ് ഹൈകോടതി ശങ്കറിന് അനുകൂലമായി വിധിക്കുകയും സ്വതന്ത്ര സാക്ഷികളുടെ അഭാവം മൂലം തമിഴ്നാടന്‍റ കേസ് തള്ളുകയും ചെയ്തിരുന്നു.
യന്തിരനുമായി ബന്ധപ്പെട്ട പകർപ്പവകാശ അവകാശവാദങ്ങളെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന നിയമ തർക്കവുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ കണ്ടുകെട്ടൽ നടപടി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ശങ്കറിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയതായി ഫെബ്രുവരി 20ന് ഇ.ഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.