തെന്നിന്ത്യൻ ചലച്ചിത്രലോകത്തിൽ 2000-കളിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ നടിയാണ് റീമ സെൻ. പശ്ചിമ ബംഗാളിൽ ജനിച്ച റീമ, മോഡലിങ്ങിലൂടെയാണ് കരിയർ ആരംഭിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ റീമ അഭിനയിച്ചു. 2000ത്തിൽ ഉദയ് കിരണിന്റെ നായികയായി തെലുങ്ക് റൊമാന്റിക് ഡ്രാമ ചിത്രത്തിലൂടെയാണ് അവരുടെ സിനിമ അരങ്ങേറ്റം. ആ ചിത്രം വൻ വിജയമായിരുന്നു. എന്നാൽ 2001 ഫെബ്രുവരിയിൽ തമിഴിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് ദക്ഷിണേന്ത്യൻ സിനിമയിൽ റീമ തന്‍റെ സ്ഥാനം ഉറപ്പിക്കുന്നത്.
ആർ. മാധവനും അബ്ബാസും റീമ സെന്നും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത മിന്നലെ എന്ന ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. റീമയുടെ റീന ജോസഫ് എന്ന കഥാപാത്രം ആരാധകരുടെ മനസിൽ മായാതെ കിടക്കുന്നു. മിന്നലെയിലെ 'വസീഗര' എന്ന ഗാനം താരത്തിന്‍റെ ജനപ്രിയത വർധിച്ചു. ഹാരിസ് ജയരാജ് സംഗീതം നൽകി ബോംബെ ജയശ്രീ ആലപിച്ച റൊമാന്റിക് മെലഡി ഒരു ക്ലാസിക്കായി മാറി.
വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തയാറായിരുന്ന റീമ, ഗ്ലാമർ വേഷങ്ങൾക്കൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തു. ദക്ഷിണേന്ത്യൻ സിനിമക്ക് അപ്പുറത്തേക്ക് അവരുടെ പരിധി വ്യാപിച്ചു. 2012ൽ അനുരാഗ് കശ്യപിന്റെ ഗാംഗ്സ് ഓഫ് വാസിപൂരിൽ അവിസ്മരണീയമായ പ്രകടനം അവർ കാഴ്ചവെച്ചു. പക്ഷെ അത് അവരുടെ അവസാന ചിത്രമായി മാറി.
തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് റീമ സെൻ സിനിമ ഉപേക്ഷിക്കുന്നത്. 2012ൽ, ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് ബിസിനസുകാരനായ ശിവ് കരൺ സിങ്ങിനെ അവർ വിവാഹം കഴിച്ചു. 2013 ഫെബ്രുവരിയിൽ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. അതോടെ, റീമ സിനിമകളിൽ നിന്ന് പൂർണമായും സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. റീമ സെന്നിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളോ, വിടവാങ്ങൽ സിനിമയോ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല.
റീമ സെൻ മാധ്യമങ്ങളുടെ ശ്രദ്ധയിൽ നിന്ന് മാറി ഒരു ശാന്തമായ ജീവിതം നയിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ അവരുടെ സാന്നിധ്യം വളരെ കുറവാണ്. വളരെ അപൂർവമായി മാത്രമേ റീമ പൊതുരംഗത്തും പ്രത്യക്ഷപ്പെടാറുള്ളൂ. റീമ സെൻ വളരെ നീണ്ട സിനിമ ജീവിതം നയിച്ച നടിയല്ലെങ്കിലും തെന്നിന്ത്യൻ സിനിമയുടെ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന മുഖങ്ങളിലൊന്നാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.