ഒമർ ലുലു, ഷറഫുദ്ദീൻ
‘ഷറഫേ, ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്, കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ലെന്ന്’ ഒമർ ലുലു
നടൻ ഷറഫുദ്ദീനെതിരെ തമാശ പരാതിയുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. തന്റെ പുതിയ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി ഷറഫുദ്ദീനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും എന്നാൽ നടൻ ഫോൺ എടുക്കുന്നില്ലെന്നുമാണ് ഒമർ ലുലുവിന്റെ പരാതി.
പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത തിരക്കാണ് ഷറഫുദ്ദീന് എന്ന് പരിഹാസം കലർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഒമർ ഇക്കാര്യം പറഞ്ഞത്. പുതിയ ചിത്രത്തിന്റെ കഥ പറയാൻ വേണ്ടി നിരവധി തവണ വിളിച്ചിട്ടും ഷറഫുദ്ദീന്റെ ഭാഗത്ത് നിന്ന് പ്രതികരണമില്ലെന്ന് ഒമർ പറയുന്നു. തിരക്കഥയുമായി ബന്ധപ്പെട്ട് ചർച്ച നടത്താനാണ് വിളിക്കുന്നത്. പക്ഷെ ഫോൺ എടുക്കാതെ ഒഴിഞ്ഞുമാറുകയാണെന്നും സംവിധായകൻ ആരോപിച്ചു. ഒമറിന്റെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
കുറിപ്പിന്‍റെ പൂർണരൂപം
ഷറഫേ... @sharaf_u_dheen
ഞങ്ങൾ ഒന്നിച്ച 100 ദിവസം ഓടിയ Happy Wedding എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വർക്ക് ചെയ്‌തിട്ട്. രണ്ട് പുതിയ പയ്യൻമാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ 6 വർഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു..
കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാൻ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി.ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ളാൻ ചെയ്തു പക്ഷേ ഒന്നും കൂടി സ്ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു..
പക്ഷേ ഇപ്പോൾ സ്ക്രിപ്പ്റ്റ് 80% കഴിഞ്ഞു ഇനി അർട്ടിസ്റ്റിനെ കൺഫോം ചെയ്തു വേണം സ്ക്രിപ്പ്റ്റ് complete ചെയ്യാൻ., എന്നാൽ ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല രണ്ട് മാസമായി! ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ appointment വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്.. എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല!
2016ൽ പുറത്തിറങ്ങിയ 'ഹാപ്പി വെഡ്ഡിങ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ഒമർ ലുലു. ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവാക്കളെ ലക്ഷ്യമിട്ട് നിരവധി എന്റർടെയ്‌നർ ചിത്രങ്ങളാണ് ഒമർ ഒരുക്കിയത്.
ഹണി റോസ്, ബാലു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'ചങ്ക്സ്', പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലിലൂടെ ദേശീയ ശ്രദ്ധ നേടിയ 'ഒരു അഡാർ ലവ്', കോമഡി എന്റർടെയ്‌നറായി എത്തിയ 'ധമാക്ക', വിവാദങ്ങൾക്ക് ശേഷം എത്തിയ 'നല്ല സമയം' തുടങ്ങിയവയാണ് ഒമറിന്റെ പ്രധാന ചിത്രങ്ങൾ.
2024ൽ റഹ്മാനെയും ബാബു ആന്റണിയെയും പ്രധാന വേഷത്തിലെത്തിച്ച് പുറത്തിറങ്ങിയ 'ബാഡ് ബോയ്സ്' ആണ് ഒമർ ലുലുവിന്റെതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.