'നമ്മുടെ പെൺമക്കളെ, ഭാവി വനിതാ കായികതാരങ്ങളെ ഭയപ്പെടുത്തുകയാണ് അധികാരികൾ' -ഡബ്ല്യു.സി.സി

ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ സംഘടന വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി).'ബേട്ടി ബചാവോ' എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും, നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നുവെന്ന വിരോധാഭാസം ഹൃദയഭേദകമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. വളർന്ന് വരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു രാഷ്ട്രമെന്ന നിലയിൽ നാം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം ഇതാണോ? ഡബ്ല്യു.സി.സി ചോദിക്കുന്നു. ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഡബ്ല്യു.സി.സി പറയുന്നു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

'അന്താരാഷ്ട്രതലത്തിൽ നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തിയ റെസ്റ്റലേഴ്സ് നീതി തേടുകയാണെന്ന് നമുക്കറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിർദ്ദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.

നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. അത് സജ്ജമാക്കാൻ, ഉത്തരവാദിത്വപ്പെട്ട പ്രവർത്തന സംവിധാനങ്ങളുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നൽകി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്. പരാതിക്കാരെ ചേർത്ത് നിർത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്.

വളർന്ന് വരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു രാഷ്ട്രമെന്ന നിലയിൽ നാം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം ഇതാണോ?! ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്.

നമ്മുടെ കായികതാരങ്ങളുടെ ശബ്ദം വേണ്ടവിധത്തിൽ പരിഗണിക്കപെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.അധികാരവും ഉത്തരവാദിത്വവും ഒരുമിച്ച് സഞ്ചരിക്കേണ്ടവയാണ്. അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ സാഹചര്യം സംവേദനക്ഷമതയോടും ബഹുമാനത്തോടും കൂടി അടിയന്തിരമായി പരിഹരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.

നീതിന്യായ വ്യവസ്ഥകളിലൂന്നി നിന്നുകൊണ്ട് പോരാട്ടം നടത്തുന്ന നമ്മുടെ വനിതാ റെസ്റ്റലേഴ്സിനും, അവരോടൊപ്പം നിൽക്കുന്നവർക്കും, അവരുടെ നിശ്ചയദാർഢ്യത്തിനും, വിമൺ ഇൻ കളക്ടീവ് എല്ലാവിധ പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു'.

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. ബ്രിജ്ഭൂഷണ്‍ ലൈംഗികമായി അതിക്രമിച്ചു എന്ന് ആരോപിച്ച് ഏഴുതാരങ്ങൾ നല്‍കിയ പരാതിയുടെ എഫ്.ഐ.ആറിന്റെ വിശദാംശങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു, ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

Full View


Tags:    
News Summary - Wcc Support Wrestler's Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.