സിനിമയോ അഭിനേതാവിന്‍റെ പ്രകടനമോ മറ്റൊന്നിനേകാൾ മികച്ചതാണോ എന്ന് വിലയിരുത്തി അവാർഡ് നൽകുന്ന ഒരു കൂട്ടം ആളുകളുടെ ആരാധകനല്ല താനെന്ന് നടൻ വിശാൽ. തന്റെ പോഡ്‌കാസ്റ്റായ യുവേഴ്‌സ് ഫ്രാങ്ക്‌ലി വിശാലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അത് ഭ്രാന്താണ്. ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി സിനിമയോ പ്രകടനമോ മികച്ചതാണെന്ന് നാലംഗ സംഘത്തിന് എങ്ങനെ തീരുമാനിക്കാൻ കഴിയും?' -വിശാൽ ചോദിക്കുന്നു.
ദേശീയ ചലച്ചിത്ര അവാർഡുകൾക്കും തന്റെ അഭിപ്രായം ബാധകമാണെന്ന് താരം വെളിപ്പെടുത്തി. അവാർഡുകൾ നിർണയിക്കുന്നതിനുള്ള മാനദണ്ഡം ജനങ്ങളുടെ വോട്ടെടുപ്പായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവാർഡുകളിൽ വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അവാർഡ് ലഭിക്കാത്തതുകൊണ്ടോ ലഭിച്ചതുകൊണ്ടോ അല്ല, അതിനോടുള്ള തന്റെ ഇഷ്ടക്കേട് തെരഞ്ഞെടുപ്പ് മാനദണ്ഡമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അവാർഡുകൾ മനസിൽ വെച്ചുകൊണ്ട് താൻ ഒരിക്കലും സിനിമകൾ ചെയ്തിട്ടില്ലെന്നും താരം വെളിപ്പെടുത്തി. 'എനിക്ക് ഒരു അവാർഡ് ലഭിച്ചാൽ, ഞാൻ അത് ചവറ്റുകുട്ടയിൽ എറിയും. എന്നെ തെറ്റിദ്ധരിക്കരുത്. സ്വർണം കൊണ്ടാണ് നിർമിച്ചതെങ്കിൽ, അത് വിറ്റ് ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും' -താരം കൂട്ടിച്ചേർത്തു.
വിശാൽ അടുത്തിടെയാണ് തന്റെ പോഡ്‌കാസ്റ്റ് ആരംഭിച്ചത്. അതിൽ സത്യം മാത്രമേ പറയൂ എന്ന് അദ്ദേഹം പറഞ്ഞു. 'യുവർസ് ഫ്രാങ്ക്ലി വിശാൽ - സ്ക്രിപ്റ്റുകൾ ഇല്ല, ഫിൽട്ടർ ഇല്ല' എന്നാണ് പോഡ്‌കാസ്റ്റിന്റെ ടാഗ്‌ലൈൻ.
അതേസമയം, നടൻ വിശാലും നടി സായ് ധൻസികയും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. ആഗസ്റ്റ് 29ന് വിശാലിന്റെ ജന്മദിനത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിശാലിന്‍റെ പിറന്നാൾ ദിനത്തിൽ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, നടികർ സംഘത്തിന്റെ ഓഫിസ് കെട്ടിടത്തിന്റെ പണി പൂർത്തിയായതിനുശേഷം മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂവെന്ന് വിവാഹനിശ്ചയ ചടങ്ങിനുശേഷം പ്രാദേശിക വാർത്ത ചാനലിനോട് വിശാൽ പറഞ്ഞിരുന്നു.
സായ് ധൻസിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'യോഗി ഡാ' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിലാണ് വിശാൽ ധൻസികയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. കബാലി, പേരാൺമൈ, പരദേശി, തുടങ്ങി തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് ധൻസിക. ദുൽഖർ സൽമാൻ ചിത്രമായ സോളോയിലൂടെ മലയാളത്തിലും ധൻസിക അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.