വിജയ് ദേവരകൊണ്ട

'ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, ആത്മാർഥമായ ഖേദം പ്രകടിപ്പിക്കുന്നു'; വിശദീകരണവുമായി വിജയ് ദേവരകൊണ്ട

'റെട്രോ' ഓഡിയോ ലോഞ്ചിനിടെ ആദിവാസി സമൂഹത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി നടൻ വിജയ് ദേവരകൊണ്ട. പഹൽഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട് നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് പ്രസ്താവനയിലൂടെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു നടൻ.

'റെട്രോ ഓഡിയോ ലോഞ്ച് പരിപാടിക്കിടെ ഞാൻ നടത്തിയ ഒരു പരാമർശം ചിലർക്കിടയിൽ ആശങ്കയുണ്ടാക്കിയതായി എന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു സമൂഹത്തെയും വേദനിപ്പിക്കാൻ ലക്ഷ്യമിടുന്ന യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ഞാൻ ആത്മാർഥമായി വ്യക്തമാക്കട്ടെ, പ്രത്യേകിച്ച് നമ്മുടെ പട്ടികവർഗക്കാരെ, അവരെ ഞാൻ വളരെയധികം ബഹുമാനിക്കുകയും നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുകയും ചെയ്യുന്നു. എന്റെ സന്ദേശത്തിന്റെ ഏതെങ്കിലും ഭാഗം തെറ്റിദ്ധരിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തെങ്കിൽ, ഞാൻ ആത്മാർഥമായ ഖേദം പ്രകടിപ്പിക്കുന്നു' -എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇന്ത്യയിലെ ഐക്യത്തെക്കുറിച്ചും ആളുകൾ ഒന്നാണെന്നതിനെക്കുറിച്ചുമാണ് താൻ സംസാരിച്ചതെന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു. എങ്ങനെ ഒരുമിച്ച് മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചായിരുന്നു സംസാരം. ഒരു രാജ്യമെന്ന നിലയിൽ ഐക്യത്തോടെ നിൽക്കുമ്പോൾ എങ്ങനെയാണ് താൻ ഇന്ത്യയിലെ ഏതെങ്കിലും വിഭാഗത്തോട് വിവേചനം കാണിക്കുക എന്നും അദ്ദേഹം ചോദിച്ചു.

റെട്രോ സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ നടൻ ആദിവാസി സമൂഹത്തിനെതിരെ അനാദരവ് പ്രകടിപ്പിച്ചതായി ഗോത്ര അഭിഭാഷക അസോസിയേഷൻ ബാപ്പുനഗർ പ്രസിഡന്റ് കിഷൻരാജ് ചൗഹാൻ ആരോപിച്ചിരുന്നു. പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി പരാതി ഫയൽ ചെയ്തിട്ടുണ്ട്. '500 വർഷങ്ങൾക്ക് മുമ്പ് ആദിവാസികൾ പെരുമാറിയതുപോലെ സാമാന്യബുദ്ധിയില്ലാതെയാണ് പാകിസ്താനികൾ പെരുമാറുന്നതെ'ന്ന് നടൻ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. നടൻ ഉടൻ മാപ്പ് പറയണമെന്ന് ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Vijay Deverakonda clarifies viral tribal remarks: I express my sincere regret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.