അവരോട് ദേഷ്യമായിരുന്നു... മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ ആദ്യം കുറ്റപ്പെടുത്തിയത് രാധികയെ -വരലക്ഷ്മി ശരത്കുമാർ

പ്രശസ്ത തമിഴ് നടി വരലക്ഷ്മി ശരത്കുമാറും വ്യവസായിയായ നിക്കോളായ് സച്ച്‌ദേവുമായുള്ള വിവാഹം ചടങ്ങിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹത്തിൽ താരകുടുംബത്തിലെ പ്രിയപ്പെട്ടവരെ ഒന്നിച്ച് കണ്ടതിന്‍റെ സന്തോഷത്തിലായിരുന്നു ആരാധകർ. വരലക്ഷ്മിയുടെ മാതാപിതാക്കളായ ശരത് കുമാറും ഛായയും സഹോദരി പൂജയും വിവാഹത്തിൽ പങ്കെടുത്തു. മാത്രമല്ല, ശരത് കുമാറിന്‍റെ ഭാര്യയും നടിയുമായ രാധികയും രാധികയുടെ മകൾ റയാനയും ചടങ്ങിൽ പങ്കെടുത്തിരുന്നു. എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.

എന്നാൽ, തങ്ങൾ ഒറ്റരാത്രികൊണ്ടല്ല ഈ അവസ്ഥയിൽ എത്തിയതെന്ന് പറയുകയാണ് വരലക്ഷ്മി. തന്‍റെ മാതാപിതാക്കളുടെ വേർപിരിയലിന് രാധികയാണ് കാരണമെന്ന് കരുതിയിരുന്നെന്നും അതിനാൽ തന്നെ അവരോട് ദേഷ്യം ഉണ്ടായിരുന്നെന്നും താരം അടുത്തിടെ വെളിപ്പെടുത്തി. റയാനയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേ, മാതാപിതാക്കളുടെ വിവാഹമോചനം തന്നിൽ ഉണ്ടാക്കിയ വൈകാരിക അസ്വസ്ഥതയെക്കുറിച്ച് താരം തുറന്നു പറഞ്ഞു.

ശരത്കുമാറിനോടുള്ള നീരസം മറികടക്കാൻ തെറാപ്പി ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് വരലക്ഷ്മി വെളിപ്പെടുത്തി. 'ചിലപ്പോൾ രണ്ടുപേർക്ക് ഒന്നിച്ച് പോകാൻ കഴിഞ്ഞെന്നു വരില്ല. അദ്ദേഹം എന്‍റെ ബയോളജിക്കൽ ഫാദറാണ്, എനിക്ക് അദ്ദേഹത്തെ ബഹുമാനിക്കണം. പിന്നെ അവർ വേർപിരിഞ്ഞതിൽ എനിക്ക് ദേഷ്യം ഉണ്ടായിരുന്നു. അദ്ദേഹം വീണ്ടും വിവാഹിതനായപ്പോൾ ദേഷ്യം കുറച്ച് കൂടി. പക്ഷേ ഒടുവിൽ അത് ശമിച്ചു. ഇരുവരും അവർക്ക് വേണ്ടിയുള്ള തീരുമാനമാണ് എടുത്തത്. അവർ ആ തീരുമാനത്തിൽ സന്തോഷിക്കുന്നുണ്ട്' -വരല‍ക്ഷ്മി പറഞ്ഞു.

മാതാപിതാക്കളുടെ വേർപിരിയലിന് താൻ ആദ്യം രാധികയെ കുറ്റപ്പെടുത്തിയതായി വരലക്ഷ്മി പറഞ്ഞു. അതിൽ രാധികക്ക് ഒരു പങ്കുമില്ലെന്ന് തിരിച്ചറിഞ്ഞതിന് ശേഷമാണ് ദേഷ്യം ഇല്ലാതെയായത്. ശരത്കുമാറിന്‍റെ ജീവിതത്തിലേക്ക് രാധിക കടന്നുവരുന്നതിന് മുമ്പ് തന്നെ ശരത്കുമാറിന്‍റയും ഛായയുടെയും ദാമ്പത്യത്തെ പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായും താരം വ്യക്തമാക്കി. തുടക്കത്തിൽ രാധികയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഇരുവരുടെയും ഇടയിൽ മനോഹരമായ ബന്ധമാണെന്നും വരലക്ഷ്മി പറഞ്ഞു. രാധിക തന്‍റെ അമ്മയുമായും നല്ല ബന്ധം പങ്കിടുന്നതായി താരം വ്യക്തമാക്കി. 

Tags:    
News Summary - Varalaxmi Sarathkumar says she initially blamed stepmother Radikaa for parents separation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.