കാസ്റ്റിങ് കൗച്ച് ആരോപണം നിഷേധിച്ച് ധനുഷിന്‍റെ മാനേജർ; തന്‍റെ വാക്കുകൾ തെറ്റായി ചിത്രീകരിക്കപ്പെട്ടു, അഭിമുഖം മുഴുവൻ കാണണമെന്ന് നടി

തന്‍റെ പ്രസ്താവനയിൽ വ്യക്തത വരുത്തി കാസ്റ്റിങ് കൗച്ച് ആരോപിച്ച നടി മന്യ ആനന്ദ്. സൺ ടിവിയിലെ 'വന്തായ് പോള' എന്ന പരമ്പരയിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് മന്യ ആനന്ദ്. നടിയുടെ അഭിമുഖത്തിലെ ഒരു ക്ലിപ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. ഇത് ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും കാരണമായി.

മന്യ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പ്രതികരിച്ചത്. മുഴുവൻ വിഡിയോയുടെ ഒരുഭാഗം മാത്രം അടർത്തിമാറ്റിയതാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. ധനുഷിന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും നടി പറഞ്ഞു. നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് അഭിമുഖം മുഴുവൻ കാണണമെന്ന് അവർ ആളുകളോട് അഭ്യർഥിച്ചു.

ധനുഷിനെയോ അദ്ദേഹത്തിന്റെ മാനേജരെയോ ഉദ്ദേശിച്ചല്ല തന്റെ പരാമർശമെന്ന് മന്യ വ്യക്തമാക്കി. ധനുഷ് ചിത്രത്തെക്കുറിച്ച് സംസാരിച്ച വ്യാജ വ്യക്തിയെയാണ് താൻ പരാമർശിച്ചതെന്ന് അവർ വിശദീകരിച്ചു. വ്യാജ ഐഡന്റിറ്റികളെക്കുറിച്ചുള്ള അവബോധമാണ് തന്റെ അഭിമുഖത്തിൽ ഉദ്ദേശിച്ചതെന്നും എന്നാൽ അത് ഓൺലൈനിൽ തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്നും മന്യ വ്യക്തമാക്കി. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ തന്റെ പേര് ഉപയോഗിക്കുന്നതിൽ അവർ ദുഃഖം പ്രകടിപ്പിച്ചു.

ധനുഷിന്റെ മാനേജർ ശ്രേയസ് തനിക്ക് ഇതിൽ പങ്കില്ലെന്ന് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. തന്റെ പേരിലോ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലോ ലഭിക്കുന്ന കാസ്റ്റിങ് കോളുകളോ ഓഫറുകളോ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പേരിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ഫോൺ നമ്പറുകളുടെ വിശദാംശങ്ങളും ശ്രേയസ് പങ്കുവെച്ചു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ ധനുഷിന്റെ മാനേജർ എന്ന് പരിചയപ്പെടുത്തിയ ആൾ പുതിയ സിനിമക്കായി തന്നെ ബന്ധപ്പെടുകയും അനുചിതമായ സംസാരിക്കുകയും ചെയ്തതായാണ് മന്യ വെളിപ്പെടുത്തിയത്. 'ഒരു തിരക്കഥയുണ്ട് - നിങ്ങൾ അഭിനയിക്കാൻ തയാറാണോ?' എന്ന് ചോദിച്ചപ്പോൾ തന്നെ തന്‍റെ ഡിമാന്‍റുകൾ വ്യക്തമാക്കിയതായി മന്യ പറഞ്ഞു. അമിത ഗ്ലാമറസ്, എക്സ്പോസിങ് വേഷങ്ങൾ താൻ ചെയ്യില്ല എന്ന് അവർ പറഞ്ഞു. എന്നാൽ തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടും വിളിച്ചയാൾ നിരന്തരം ചോദിച്ചുകൊണ്ടിരുന്നുവെന്നും, 'ഇത് ധനുഷ് സാറിന്റെ സിനിമയായിട്ട് പോലും നിങ്ങൾ വഴങ്ങില്ലേ?' എന്ന് ചോദിച്ചതായും അവർ ആരോപിച്ചു.

ഒരു വിട്ടുവീഴ്ചയും കൂടാതെ താൻ നിരസിച്ചുവെന്ന് മന്യ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷം, ധനുഷിന്റെ ടീമിലെ അംഗമാണെന്ന് അവകാശപ്പെട്ട് മറ്റൊരാൾ സമാനമായ ഓഫറുമായി എത്തി തനിക്ക് സ്ക്രിപ്റ്റ് അയച്ചതായി അവർ അവകാശപ്പെട്ടു. മറ്റ് പല നടിമാരും ഇത്തരം സാഹചര്യങ്ങൾ നേരിടുന്നുണ്ടെന്ന് മന്യ പറഞ്ഞു. ഇവർ യഥാർഥ മാനേജർമാരാണോ അതോ തട്ടിപ്പുകാരാണോ എന്ന് പോലും പലപ്പോഴും ഉറപ്പില്ലെന്നും അവർ പറഞ്ഞു.  

Tags:    
News Summary - TV actor Manya Anand and Dhanush's manager deny casting couch allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.