1988ൽ ബംഗളൂരുവിലെ ചേരിയിൽ നിന്നുള്ള 12 വയസ്സുള്ള ഒരു ആൺകുട്ടി ആഗോള സിനിമ ലോകത്തെ പിടിച്ചുകുലുക്കി. ഷഫീഖ് സഇദ് എന്നായിരുന്നു അവന്റെ പേര്. മീര നായരുടെ ഓസ്കർ നോമിനേഷൻ ലഭിച്ച ചിത്രമായ സലാം ബോംബെയിൽ കൃഷ്ണൻ എന്ന പ്രധാന വേഷം അവതരിപ്പിച്ചത് ഷഫീഖ് ആയിരുന്നു. ബംഗളൂരുവിലെ തെരുവുകളിൽ നിന്ന് മീര നായർ കണ്ടെത്തിയ ആ ബാലന് ഒരു ദിവസം 20 രൂപയും ഉച്ചഭക്ഷണത്തിന് ഒരു വടയും മാത്രമാണ് പ്രതിഫലം ലഭിച്ചത്.
ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് അവനെ തേടിയെത്തി. പക്ഷേ ആ അംഗീകാരം കൂടുതൽ വേഷങ്ങൾ ലഭിക്കാൻ കാരണമായില്ല. സലാം ബോംബെക്ക് ശേഷം, പതംഗ് (1994) എന്ന സിനിമയിൽ കൂടി ഷഫീഖ് പ്രത്യക്ഷപ്പെട്ടു. ഒരുകാലത്ത് പ്രശംസിച്ച ബോളിവുഡ് പെട്ടെന്ന് ആ കുട്ടിയെ മറന്നുകളഞ്ഞു. അങ്ങനെ ആ തെരുവിലെ സ്വപ്നങ്ങൾ മങ്ങിത്തുടങ്ങി.
90 കളുടെ തുടക്കത്തിൽ ഷഫീഖ് ബംഗളൂരുവിലേക്ക് തന്നെ തിരിച്ചെത്തി. കന്നഡ ടി.വി സീരിയലുകളിൽ കാമറ അസിസ്റ്റന്റായി ജോലി ചെയ്യാൻ ശ്രമിച്ചെങ്കിലും സ്ഥിരമായ ജോലി കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇന്ന് അമ്മയെയും ഭാര്യയെയും നാല് കുട്ടികളെയും പോറ്റാൻ ഓട്ടോ ഓടിക്കുകയാണ് ആ പഴയ ദേശീയ അവാർഡ് ജേതാവ്. 'ആഫ്റ്റർ സലാം ബോംബെ' എന്ന ആത്മകഥ ഷഫീഖ് എഴുതിയിട്ടുണ്ട്. താരപദവിയിൽ നിന്ന് അതിജീവനത്തിലേക്കുള്ള തന്റെ യാത്ര അദ്ദേഹം അതിൽ പങ്കുവെക്കുന്നു.
ഒരു ദിവസം പുസ്തകം സിനിമയാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. 'സ്ലംഡോഗ് മില്യണയറിനേക്കാൾ സത്യസന്ധമായിരിക്കും എന്റെ സലാം ബോംബെ' എന്ന് ഷഫിഖ് ഒരിക്കൽ പറഞ്ഞിരുന്നു. ദേശീയ അവാർഡ് നേടിയിട്ടും അദ്ദേഹത്തിന് വളരാൻ അവസരം ലഭിച്ചില്ല. തന്റെ കുടുംബത്തിനും പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾക്കും വേണ്ടി കഷ്ടപ്പാടുകളെ അതിജീവിച്ച് അദ്ദേഹം മുന്നോട്ട് കുതിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.