എക്കാലവും ഇന്ത്യൻ സിനിമ പ്രേമികളുടെ സൂപ്പർസ്റ്റാർ ആയിരുന്നു ധർമേന്ദ്ര. ബോളിവുഡിന്റെ തലവര തന്നെ മാറ്റിയെഴുതിയ താരം. എന്നാൽ ഒട്ടേറെ ഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടും ധർമേന്ദ്രക്ക് സൂപ്പർ താരമെന്ന പദവി ലഭിച്ചില്ല. ധർമേന്ദ്രക്കു മുമ്പ് ദുരന്തനായകർക്കായിരുന്നു ഇന്ത്യൻ സിനിമ സ്ക്രീനുകളിൽ ആധിപത്യം. ആറുപതിറ്റാണ്ടിലധികമായി അദ്ദേഹം ബോളിവുഡിൽ നിറഞ്ഞുനിന്നു. 300ലധികം സിനിമകളിൽ വേഷമിട്ടു. അതിൽ നിരവധി ഹിറ്റുകളുമുണ്ടായിരുന്നു. പഞ്ചാബിലെ ലുധിയാനയിലെ സാധാരണ കുടുംബത്തിലാണ് ധർമേന്ദ്രയുടെ ജനനം. മൺമറഞ്ഞ ഇതിഹാസതാരമായ ദിലീപ് കുമാർ ആണ് സിനിമയിലെത്താനുള്ള ധർമേന്ദ്രയുടെ പ്രചോദനം.
1948ൽ ദിലീപ് കുമാർ അഭിനയിച്ച ഷഹീദ് ധർമേന്ദ്രയുടെ പ്രിയപ്പെട്ട സിനിമയായിരുന്നു. പിന്നീട് തന്റെ ആദ്യചിത്രമായ പാരിയിലും അതിന്റെ ഹിന്ദി റീമേക്ക് ആയ അനോഖ മിലനിലും ദിലീപ് കുമാറിനൊപ്പം അഭനയിക്കാൻ ധർമേന്ദ്രക്ക് കഴിഞ്ഞു. തനിക്ക് ദിലീപ് കുമാറിനെ പോലെ ആകാൻ സാധിക്കുമോ എന്നായിരുന്നു അക്കാലത്ത് ധർമേന്ദ്ര ചോദിച്ചുകൊണ്ടിരുന്നത്.
1958ൽ ഫിലിം ഫെയർ മാഗസിൻ സംഘടിപ്പിച്ച പ്രതിഭാ മത്സരത്തിൽ ധർമേന്ദ്ര വിജയിച്ചു. ആ മത്സരത്തിലെ വിജയികളെ പുതുതായി തുടങ്ങുന്ന സിനിമയിൽ അഭിനയിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ആ സിനിമ വെളിച്ചംകണ്ടില്ല. രണ്ട് വർഷത്തിന് ശേഷം അർജുൻ ഹിഗോറാനിയുടെ ദിൽ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെ ധർമേന്ദ്രക്ക് വലിയ ബ്രേക്ക് ലഭിച്ചു. തുടർന്ന് ആറു പതിറ്റാണ്ട് അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു.
ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു ധർമേന്ദ്രയുടെ ആദ്യകാല സിനിമ ജീവിതം. കിലോമീറ്ററുകൾ നടന്നാണ് പലപ്പോഴും അദ്ദേഹം നിർമാതാക്കളുടെ ഓഫിസിൽ എത്തിയിരുന്നത്. ദിവസങ്ങളോളം കടല മാത്രം കഴിച്ച് ജീവിച്ചു. മുംബൈയിൽ വീടില്ലാത്തതിനാൽ ഒരു ഗാരേജിൽ താമസിച്ചു. 200 രൂപ വേതനത്തിന് ഒരു ഡ്രില്ലിങ് സ്ഥാപനത്തിൽ ജോലി നോക്കി.
1966ൽ പുറത്തിറങ്ങിയ ഫൂൽ ഔർ പത്തർ എന്ന ചിത്രമാണ് ധർമേന്ദ്രയുടെ ആദ്യഹിറ്റ്. ആ സിനിമയിൽ ഷർട്ടിടാതെ അഭിനയിച്ച ധർമേന്ദ്ര പ്രേക്ഷകരെ ഞെട്ടിച്ചു.
സിനിമയിൽ പ്രശസ്തനായപ്പോൾ ബിസിനസ് രംഗത്തേക്കും ധർമേന്ദ്ര ചുവടുവെച്ചു. അഭിനയത്തിന് പുറമെ, ഹേമമാലിനിയുമായുണ്ടായിരുന്ന ബന്ധവും ധർമേന്ദ്രയെ സജീവ ചർച്ചാവിഷയമാക്കി നിലനിർത്തി. പ്രകാശ് കൗർ ആണ് ധർമേന്ദ്രയുടെ ആദ്യഭാര്യ. ദമ്പതികൾക്ക് സണ്ണി, ബോബി എന്നീ ആൺമക്കളും അജിത, വിജേത എന്നീ പെൺമക്കളുമുണ്ട്. ഹേമമാലിനിയുമായി പ്രണയമുണ്ടെങ്കിലും പ്രകാശ് കൗറിനെ ഒഴിവാക്കാൻ ധർമേന്ദ്ര തയാറായില്ല. തുടർന്ന് ഹേമമാലിനിയെ വിവാഹം കഴിക്കാനായി അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. 1980ലായിരുന്നു ഹേമമാലിനിയും ധർമേന്ദ്രയും തമ്മിലുള്ള വിവാഹം. ഈ ബന്ധത്തിൽ ഇഷ, അഹാന എന്നീ മക്കളും ജനിച്ചു.
സൽമാൻ ഖാനെ ബോഡി ബിൽഡിങ് രംഗത്തേക്ക് ആകർഷിച്ചത് ധർമേന്ദ്രയായിരുന്നു. 80 കളിൽ നൗകർ ബീവി കാ, ഗുലാമി, ഇൻസാനിയത് കെ ദുഷ്മാൻ, ലോഹ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടി. എന്നാൽ അമിതാഭ് ബച്ചൻ, വിനോദ് ഖന്ന, ഋഷി കപൂർ എന്നീ നായകരുടെ നിഴലിലൊതുങ്ങിപ്പോയി. 1990 കളിൽ മൈദാൻ ഇ ജങ്, റിട്ടേൺ ഓഫ് ജുവൽ തീഫ് എന്നീ സിനിമയിലെ പ്രകടനം അദ്ദേഹത്തിന്റെ താരമൂല്യവും കുറച്ചു. കരിയറിൽ ഒരുപാട് പരാജയചിത്രങ്ങളുണ്ടായതും ധർമേന്ത്രയുടെ സൂപ്പർ താരപദവിക്ക് തിരിച്ചടിയായി. ജയലളിതയുടെ ആദ്യ ബോളിവുഡ് നായകനാണ് ധർമേന്ദ്ര. 1968ല്‍ ടി. പ്രകാശ് റാവുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഇസ്സത്ത്' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ശേഖർ, ദിലീപ് സിങ് എന്നീ ഇരട്ടവേഷമായിരുന്നു ചിത്രത്തിൽ ധർമേന്ദ്രക്ക്. അതിൽ ദിലീപ് സിങ്ങിന്റെ പ്രണയിനിയായിരുന്നു ജയലളിത. സിനിമയിൽ ഇരുവരുടെയും കെമിസ്ട്രി ഏറെ ചർച്ചയായിരുന്നു. പിന്നീട് ഒരു ബോളിവുഡ് സിനിമയിലും ജയലളിത അഭിനയിച്ചിട്ടില്ല.
1983ൽ മകൻ സണ്ണി ഡിയോളിനെ നായകനാക്കി'ബേതാബ്' എന്ന ചിത്രത്തിലൂടെ ധർമേന്ദ്ര നിർമ്മാണ കമ്പനിയായ വിജയത ഫിലിംസ് തുടങ്ങി. 12 വർഷത്തിന് ശേഷം ഇളയ മകൻ ബോബി ഡിയോളിനെ 'ബർസാത്ത്' എന്ന ചിത്രത്തിലൂടെ ഇതേ കമ്പനിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു.
2004മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാറിൽ നിന്ന് ബി.ജെ.പി എം.പിയായി ധർമേന്ദ്ര കുറച്ചുകാലം രാഷ്ട്രീയ ജീവിതവും നയിച്ചു. 2020 ൽ രാജ്യവ്യാപകമായി നടന്ന കർഷക പ്രതിഷേധങ്ങളിൽ സംസാരിച്ച അപൂർവം ബോളിവുഡ് താരങ്ങളിൽ ഒരാളായിരുന്നു ധർമേന്ദ്ര. 2012ൽ പത്മഭൂഷൺ നൽകി ആദരിച്ചു. പാർലമെന്റിൽ ഹാജരാകാതിരുന്നത് അദ്ദേഹം ഒരുപാട് വിമർശനങ്ങൾ നേരിട്ടു. 2023ൽ റോക്കി ഔർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തി. ഡിസംബർ 25ന് റിലീസിനൊരുങ്ങുന്ന ഇക്കിസ് ആണ് അവസാന സിനിമ. അതിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരുന്നു. ഉറുദു കവിതകളോടും ഇഷ്ടമുണ്ടായിരുന്നു ധർമേന്ദ്രക്ക്. ആഡംബര വാഹനപ്രേമിയുമായിരുന്നു അദ്ദേഹം. ഡിസംബർ എട്ടിന് 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ധർമേന്ദ്രയുടെ വിടവാങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.