സുരേഷ് ഗോപി, ദുൽഖർ സൽമാന്‍, പൃഥ്വിരാജ്
പാലക്കാട്: മലയാളത്തിലെ യുവതാരങ്ങളായ ദുൽഖർ സൽമാന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇ.ഡി റെയ്ഡിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനായാണ് സിനിമക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴച്ചതെന്ന് സംശയമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് നടത്തിയ കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
'സ്വർണത്തിന്‍റെ വിഷയം മുക്കാൻവേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസിൽ കയറ്റി അളക്കാൻ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതിനെ കുറിച്ച് എൻ.ഐ.എ, ഇ.ഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതിനാൽ കേന്ദ്രമന്ത്രിസഭയിൽ ഇരുന്ന് ഒന്നും പറയുന്നില്ല.
ഈ സർക്കാറിനെ (പിണറായി സർക്കാർ) ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന് പറയുന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടന്നു കൊണ്ടിരിക്കുന്നത്. ഇനിയും വരും കഥകൾ' -സുരേഷ് ഗോപി പറഞ്ഞു.
ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളടക്കം 17 ഇടങ്ങിൽ കഴിഞ്ഞ ദിവസം ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. കസ്റ്റംസിന്‍റെ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡിയുടെ റെയ്ഡ്. മമ്മൂട്ടി ഹൗസ് എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് പരിശോധന. ഫെമ നിയമലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ഇ.ഡിയുടെ റെയ്ഡ്. അതേസമയം, ദുൽഖർ അടക്കമുള്ള താരങ്ങളുടെ ഭാഗത്ത് നിന്ന് സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ താരങ്ങളെ വിളിച്ചു വരുത്തി മൊഴിയെടുക്കും.
മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതിവെട്ടിച്ച് എത്തിച്ച വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.
ഭൂട്ടാനിൽ നിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നത് വലിയ തട്ടിപ്പ് സംഘമാണെന്നും പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ ഇവർ തിരിമറി നടത്തുന്നുണ്ടെന്നുമാണ് കസ്റ്റംസ് കമീഷണർ ടി.ജു. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇന്ത്യൻ സൈന്യത്തിന്‍റെയും യു.എസ് എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജരേഖ ചമച്ചുമാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്.
അനധികൃതമായി കടത്തിയ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ നികുതി വെട്ടിപ്പും കണ്ടെത്തിയെന്നാണ് കമീഷണർ മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, ദുൽഖർ സൽമാന്‍റെ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ നൽകുന്നതിൽ കസ്റ്റംസ് തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്.
വാഹനം വിട്ടുനൽകാൻ കസ്റ്റംസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഹരജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് മാറ്റുകയായിരുന്നു.
ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.