കൊച്ചി: വാട്സ്ആപ് തട്ടിപ്പിനിരയായി തനിക്ക് 45,000 രൂപ നഷ്ടമായെന്ന് ഗായിക അമൃത സുരേഷ്. യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം അമൃത വിശദീകരിച്ചത്. ബിന്ദുവെന്ന ബന്ധുവിന്‍റെ പേരിലായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ദിവസം സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ ബിന്ദുവെന്ന ബന്ധുവിന്‍റെ പേരിൽ വാട്സ്ആപ് സന്ദേശം വന്നു. അത്യാവശ്യമായി 45,000 രൂപ തരണമെന്നും ഇ.എം.ഐ അടക്കാനാണെന്നുമാണ് പറഞ്ഞത്. ബന്ധുവിന്‍റെ യു.പി.ഐ ഐ.ഡിക്ക് എന്തോ പ്രശ്നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നും പറഞ്ഞു.
സന്ദേശം കണ്ടയുടനെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചു. ഒപ്പം സ്റ്റുഡിയോയിൽനിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെൽഫിയും അയച്ചുകൊടുത്തു. പണം അയച്ചയുടനെ ‘താങ്ക്യൂ’ എന്ന് മറുപടിയും ലഭിച്ചു. അതുകഴിഞ്ഞ് വീണ്ടും സന്ദേശം വന്നു. ഒരു 30,000 രൂപകൂടി അയക്കാമോയെന്ന് ചോദിച്ചായിരുന്നു മെസേജ്. തന്റെ കൈയിൽ പൈസ ഇല്ലാത്തതുകൊണ്ട് ബിന്ദുവിനെ വിഡിയോ കാൾ ചെയ്‌തതായി അമൃത സുരേഷ് പറഞ്ഞു. എന്നാൽ, കാൾ കട്ടായി.
നോർമൽ കാളിൽ വിളിച്ചപ്പോൾ ഫോണെടുത്തു. വാട്സ്ആപ് ഹാക്ക് ചെയ്യപ്പെട്ടെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. സഹോദരി അഭിരാമിക്കൊപ്പമാണ് യൂട്യൂബ് ചാനലിലൂടെ സംഭവം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.