ഷാരൂഖ് ഖാൻ, കാജോൾ, ശിൽപ ഷെട്ടി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ബാസിഗർ ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. ചിത്രത്തിലെ താരങ്ങൾ പലരും കരിയറിൽ വലിയ വിജയം നേടി. എന്നാൽ ചിത്രത്തിൽ വിക്കി മൽഹോത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദി ഇറാനി, ഇത്തരം ഹിറ്റ് ചിത്രങ്ങളിൽ പ്രവർത്തിച്ചതിനുശേഷവും താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ്.
"എന്റെ ആദ്യത്തെ മകൾ ജനിക്കുന്നത് 1995-ലാണ്, ആ സമയത്ത് പാലിന് അഞ്ച് രൂപയായിരുന്നു. എന്‍റെ കൈയിൽ ചിലപ്പോൾ അത് പോലും ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും, ജോലിക്ക് വേണ്ടി നഗരത്തിലേക്ക് പോയി ആളുകളെ കാണേണ്ടി വന്നു. എന്റെ സുഹൃത്തിന്റെ സ്കൂട്ടർ കടം വാങ്ങിയിരുന്നു. ചിലപ്പോൾ, പെട്രോൾ ടാങ്ക് നിറക്കാൻ പോലും എന്റെ കൈവശം പണമില്ലായിരുന്നു" -ആദി ഫിലിംതന്ത്ര മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പെട്രോൾ അടിക്കാൻ പണമില്ലാത്ത ദിവസങ്ങളിൽ വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോൾ ആളുകൾ നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമായിരുന്നു. അപ്പോൾ സുഹൃത്തിനെ കാത്തിരിക്കുകയാണെന്ന് കള്ളം പറയുമായിരുന്നു.'നിങ്ങൾ എന്തിനാണ് ബസിൽ യാത്ര ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ നിശബ്ദമായി വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്യാറുള്ളത്. ആദി ഇറാനി പറയുന്നു.
സഹോദരി അരുണ ഇറാനിക്ക് തന്റെ സാഹചര്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവർ സഹായം വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പക്ഷെ ആ സഹായം സ്വീകരിക്കാൻ ഞാൻ തയാറായില്ല. സഹോദരനായതിനാൽ ജീവിതകാലം മുഴുവൻ തന്നെ അവർ പരിപാലിക്കണമെന്നില്ല. അവർക്ക് സ്വന്തമായി ഒരു കുടുംബത്തെ പരിപാലിക്കാനുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. തന്റെ ഭാര്യയെ ആളുകൾ ബഹുമാനത്തോടെ കാണണമെന്നും ഭാര്യയില്ലായിരുന്നെങ്കിൽ ഒരിക്കലും നിലനിൽപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രണയ വിവാഹമായിരുന്നു, ഭാര്യ തന്നിൽ കുടുങ്ങിപ്പോയതിൽ വിഷമം തോന്നുമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.